Site iconSite icon Janayugom Online

പ്രൊഫ. ജി എൻ സായിബാബ ജയില്‍ മോചിതനായി

ഡല്‍ഹി സര്‍വകലാശാല മുൻ പ്രൊഫ. ജി എൻ സായിബാബ ജയില്‍ മോചിതനായി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂര്‍ സെൻട്രല്‍ ജയിലിലായിരുന്ന സായിബാബയെ രണ്ടുദിവസം മുമ്പാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. അപ്പീല്‍ സാധ്യത മുന്‍നിര്‍ത്തി 50,000 രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ തുക കെട്ടിവെച്ചിട്ടും സായിബാബയുടെ മോചനം ജയില്‍ അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച ഇ‑മെയില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മോചനം വൈകിപ്പിച്ചത്.

പത്തുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് സായിബാബ പുറത്തിറങ്ങുന്നത്. 2014ലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് സായിബാബ അറസ്റ്റ് ചെയ്യപ്പെടുന്നത്. 2017 ല്‍ ഗഡ്‌ചിരോളി ജില്ല സെഷൻസ് കോടതി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന ആരോപണത്തില്‍ സായിബാബ ഉൾപ്പെടെ ആറ് പേരെ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. സായിബാബയോടൊപ്പം കേസിൽ കുറ്റാരോപിതനായ പാണ്ഡു നെറോത്തെ 2022 ഓഗസ്റ്റിൽ മരിച്ചിരുന്നു.

തന്റെ ആരോഗ്യം മോശമാണെന്നും ചികിത്സ തേടിയ ശേഷം മാത്രമേ സംസാരിക്കാൻ സാധിക്കൂ എന്നും ജയില്‍മോചിതനായ ശേഷം സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സായിബാബയെ കാത്ത് ജയിലിനുപുറത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. അതേസമയം സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: G N Saiba­ba released from jail
You may also like this video

Exit mobile version