Site iconSite icon Janayugom Online

ഗോവയും ഉത്തരാഖണ്ഡും ഇന്ന് വിധിക്കും

ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ ഇന്ന് വിധിയെഴുതും. യുപിയിൽ രണ്ടാം ഘട്ടമായ ഇന്ന് ഒമ്പത് ജില്ലകളിലെ 55 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഗോവയും ഉത്തരാഖണ്ഡും ബിജെപി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ‘ഡബിൾ എഞ്ചിൻ’ സർക്കാരിനാണ് ബിജെപി വോട്ടു ചോദിക്കുന്നത്. വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ എന്നിവ ഉയർത്തി പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആം ആദ്മിയും ജനങ്ങളെ സമീപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാൾ തുടങ്ങിയ നേതാക്കളായിരുന്നു മൂന്നിടത്തും പ്രചാരണം നയിച്ചത്. സമീപകാലങ്ങളില്‍ ഭരണ അസ്ഥിരതയുടെ നിഴലിലാണ് ഉത്തരാഖണ്ഡ്. സംസ്ഥാനം രൂപീകൃതമായി രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ 11 മുഖ്യമന്ത്രിമാരാണ് ഉത്തരാഖണ്ഡില്‍ മാറിമാറി വന്നത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്ന പതിവ് നിലനില്‍ക്കുന്നതിനാല്‍ ഭരണകക്ഷിയായ ബിജെപി ഭീതിയിലാണ്.

13 ജില്ലകളിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 632 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 11,647 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 82,38,187 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഗോവയിൽ ബിജെപിയ്ക്ക് കനത്തവെല്ലുവിളിയുമായി ആം ആദ്മിയും കോൺഗ്രസും രംഗത്തുണ്ട്. അതേസമയം ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. ഗോവയില്‍ 40 അംഗ നിയമസഭയിലേക്ക് ആകെ 301 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയാണ്.

പനാജിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബിജെപി വിട്ടത്. 11,64,522 വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുന്നത്. യുപിയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് എത്തുമ്പോൾ കോൺഗ്രസ് ചിത്രത്തിലില്ലാതായി എന്നാണ് വിലയിരുത്തലുകൾ. മത്സരം പ്രധാനമായും സമാജ്‍വാദി പാർട്ടിയും ബിജെപിയും തമ്മിലാണ്. ക‍ർഷകപ്രതിഷേധം നിലനിൽക്കുന്ന പടിഞ്ഞാറൻ യുപിയിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള സഹാരണ്‍പുര്‍, അംറോഹ, മൊറാദാബാദ്, രാംപുര്‍ തുടങ്ങിയ ജില്ലകളാണ് രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തുക.

eng­lish sum­ma­ry; Goa and Uttarak­hand will decide today

you may also like this video;

Exit mobile version