ഗോവയിലെ വിവാദ ബാര്‍ വിഷയം വീണ്ടും ചൂടുപിടിക്കുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ ഉടമസ്ഥതയിലാണ് സില്ലി സോൾസ് കഫേ ആന്റ് ബാർ എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇറാനിയുടെ കുടുംബാംഗങ്ങളുടെ കമ്പനിക്ക് പാട്ടത്തിന് നൽകിയെന്നാണ് പുതിയ രേഖകള്‍. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സ്മൃതി ഇറാനിയുടെ അടുത്ത ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ബാര്‍ നടത്തുന്ന എയ്റ്റോൾ ഫുഡ് ആന്റ് ബിവറേജസിൽ നിക്ഷേപം നടത്തിയതായി പറയുന്നത്.
മന്ത്രിയുടെ മക്കളായ സോയിഷ്, ഷാനെല്ലെ, ഭർത്താവ് സുബിൻ ഇറാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഉഗ്രയ മെർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ഉഗ്രയ അഗ്രോ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് 2020–2021 കാലയളവിൽ എയ്റ്റോൾ ഫുഡ് ആന്റ് ബിവറേജസിൽ നിക്ഷേപം നടത്തിയതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
ഡീൻ ഡി ഗാമ എന്ന വ്യക്തിയും എയ്റ്റോൾ ഫുഡ് ആന്റ് ബിവറേജസ് ലിമിറ്റഡും തമ്മില്‍ 2021 ജനുവരിയില്‍ ഒപ്പുവച്ച പാട്ട കരാര്‍ പ്രകാരമാണ് സില്ലി സോൾസ് കഫേ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 50,000 രൂപ വാടകയ്‌ക്ക് പത്ത് വർഷത്തേക്കായിരുന്നു പാട്ടക്കരാർ. 2021 ജൂലൈ 23നാണ് ഗോവയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ എയ്‌റ്റോൾ ഫുഡ് ആന്റ് ബിവറേജസിന് അതോറിറ്റി ലൈസൻസ് നൽകിയത്. സില്ലി സോൾസ് കഫേയും ബാറും ഒരേ ലൈസൻസ് നമ്പറിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
സോയിഷ് ഇറാനി നടത്തുന്ന സില്ലി സോൾസ് കഫേയ്ക്ക് മദ്യം വിൽക്കുന്നതിന് അനധികൃതമായി ലൈസൻസ് പുതുക്കി നൽകിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ജൂലൈ 24ന് കോൺഗ്രസ് ഇറാനിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സോയിഷിന് കഫേയില്‍ ഉടമസ്ഥതയില്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം. സ്മൃതി ഇറാനിയും സോയിഷ് ഇറാനിയും സില്ലി സോൾസ് കഫേയുടെയും ബാറിന്റെയും ഉടമകളല്ലെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹെെക്കോടതി ഇതുമായി ബന്ധപ്പെട്ട അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ കോൺഗ്രസ് നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു.
English Summary: Goa café being run under lease to firm allegedly linked to Smriti Irani’s family, show RTI documents
You may also like this video