Site iconSite icon Janayugom Online

വിഎസ് അച്യുതാനന്ദന്‍ ചിരിത്ര പുരുഷനെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള

വി എസ് അച്യുതാനന്ദന്‍ ചരിത്രപുരുഷനെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിന്റെ പൊതു കാര്യങ്ങള്‍ക്കു വേണ്ടിയിട്ട് പൊരുതിയത്.അത് ജീവിതത്തില്‍ സ്വന്തം നെഞ്ചിലേറ്റി പ്രശ്‌നങ്ങളേറ്റെടുത്തുകൊണ്ട്, അതിനെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹം പോയി. അതേസമയം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ പ്രതിബദ്ധത നൂറുശതമാനം പാലിച്ചുപോന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

വിഎസിന്റെ 101 -ാം ജന്മദിനത്തില്‍ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസ അറിയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. ഇങ്ങനെയുള്ള വ്യത്യസ്തമായ ആളുകള്‍ ജനാധിപത്യ പാര്‍ട്ടികളില്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അതുകൊണ്ടു തന്നെ വി എസിനെ ആരാധനയോടെയാണ് കാണുന്നത്.വിഎസിന്റെ ആശയവും എന്റെ ആശയവും രാഷ്ട്രീയമായിട്ട് വ്യത്യസ്തമാണ്. പക്ഷെ ചില പൊതുപ്രവര്‍ത്തകര്‍ അവരവരുടെ പ്രസ്ഥാനത്തിന്റെ ചട്ടക്കൂടിനപ്പുറം, പൊതുസമൂഹത്തിന്റെ, എല്ലാവരുടേയും വക്താക്കളായി മാറും. അങ്ങനെയുള്ള ഒരാളായിട്ടാണ് വി എസിനെ കാണുന്നത്. 

എതിര്‍ക്കുന്നവനെയും മാനിക്കുന്നതാണ് ജനാധിപത്യം. ശത്രുവെന്ന സങ്കല്‍പ്പം പാടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാവരിലെയും നന്മയെ സ്വാംശീകരിക്കാന്‍ സാധിക്കണം.ഇഎംഎസ് മരിച്ച അന്ന്, ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം എല്‍കെ അഡ്വാനി, പാര്‍ട്ടി ആസ്ഥാനത്തെ ആഘോഷത്തിന് നില്‍ക്കാതെ ഇഎംഎസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച ചരിത്രമുണ്ട്. ഇഎംഎസ് ജീവിതത്തില്‍ എല്ലായിപ്പോഴും ബിജെപിയുടെ നയങ്ങളെ എതിര്‍ത്തിട്ടുള്ളയാളായിരുന്നു. എല്ലാവരിലെയും നന്മയെ സ്വാംശീകരിക്കാനുള്ള ശ്രമം ഉണ്ടാകണം. രാഷ്ട്രീയനേതൃനിരയില്‍പ്പെട്ട ആളുകള്‍ ചെറിയ മനസ്സിന്റെ ഉടമകളാകരുത്. വലിയ മനസ്സിന്റെ ഉടമകളാകണം. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Exit mobile version