അയോധ്യ തർക്കപരിഹാരത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചെന്ന വാദവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.അയോധ്യ‑ബാബറി മസ്ജിദ് തർക്കപരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും ദൈവം ഒരു വഴി കണ്ടെത്തിനൽകിയെന്നും ഇന്ത്യൻ ചീഫ് ജസ്റ്റിസ് (സിജെഐ) ഡിവൈ ചന്ദ്രചൂഡ്.ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം ഒരു വഴി കണ്ടെത്തുമെന്ന് അദ്ദേഹം തന്റെ ഗ്രാമവാസികളോട് പറഞ്ഞു.
ഖേഡ് താലൂക്കിലെ തന്റെ ജന്മനാടായ കൻഹെർസർ ഗ്രാമത്തിലെ നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ഞങ്ങൾക്ക് പല തരം തർക്കങ്ങളെക്കുറിച്ചുള്ള കേസുകൾ ഉണ്ടാകാറുണ്ട്, പക്ഷേ ഞങ്ങൾക്ക് ഒരു പരിഹാരത്തിലെത്താൻ സാധിച്ചിരുന്നില്ല. അയോധ്യ സമയത്തും സമാനമായ സമാനമായ തർക്കം ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ദേവൻ്റെ മുമ്പിൽ ഇരുന്നു. ഒരു പരിഹാരം കാണേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ദേവൻ ഒരു വഴി കണ്ടെത്തി നൽകി , സിജെഐ പറഞ്ഞു.2019 നവംബർ ഒമ്പതിന് , അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിക്കൊണ്ട് വിധി പറഞ്ഞിരുന്നു. ഒപ്പം അയോധ്യയിൽ തന്നെ ബദലായി അഞ്ചേക്കർ സ്ഥലത്ത് പള്ളി നിർമിക്കുമെന്നും ബെഞ്ച് വിധിച്ചു.ഈ വർഷം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടന്നു. എന്നാൽ മസ്ജിദിന്റെ തറക്കല്ല് പോലും ഇപ്പോഴും ഇട്ടിട്ടില്ല എന്നതാണ് വസ്തുത.
ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്എനസീർ എന്നിവരായിരുന്നു രാമഭൂമി തർക്ക പരിഹാര കേസിലെ വിധി പറഞ്ഞ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.സെപ്റ്റംബറിൽ ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചന്ദ്രചൂഡിന്റെ വസതിയിൽ എത്തിയിരുന്നു. ചീഫ് ജസ്റ്റീസിന്റെ വസതിയിൽ പ്രധാനമന്ത്രി നടത്തിയ സന്ദർശനത്തെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.