വീടുകളിൽ നിധി കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിച്ചിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തെ ബംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കോലാർ ജില്ല സ്വദേശി ദാദ പീറാണ്(49) അറസ്റ്റിലായത്.
ഇയാളുടെ പേരിൽ നാല് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടെണ്ണം ഹുളിമാവു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രവാദത്തിലൂടെ മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്താൻ ആചാരങ്ങൾ നടത്തുമെന്ന് അവകാശപ്പെട്ട് അയാൾ ആളുകളെ വഞ്ചിച്ചിരുന്നുവെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.ആളുകടെ വിശ്വാസം നേടിയെടുത്ത് ആചാരം നടത്താനെന്ന വ്യാജേന അയാൾ അവരുടെ സ്വർണ്ണാഭരണങ്ങൾ ശേഖരിക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.
ഭദ്രാവതിയിലും സമാന കുറ്റകൃത്യം ചെയ്തതായി അയാൾ സമ്മതിച്ചു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളിൽ പകുതിയും കോലാറിലെ തന്റെ വസതിയിൽ സൂക്ഷിച്ചതായും ബാക്കിയുള്ളവ മഹാരാഷ്ട്രയിലെ നാഗ്പൂരിലും ബംഗളൂരുവിലെ ബിടിഎം ലേഔട്ടിലും സ്ഥിതി ചെയ്യുന്ന ജ്വല്ലറികളിൽ പണയം വെച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. 59 ലക്ഷം രൂപ വിലമതിക്കുന്ന 485.4 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

