ഐ ലീഗ് കിരീടം ലക്ഷ്യമിട്ട് ഗോകുലം എഫ്‌സി നാളെ കളത്തിലിറങ്ങും. സ്വന്തം തട്ടകമായ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് നാല് മണിക്ക് നടക്കുന്ന അവസാന മത്സരത്തില്‍ ഗോവ ഡെംപോ എഫ്‌സിയെയാണ് ഗോകുലം നേരിടുക. മത്സരത്തില്‍ ഡെപോയ്ക്കെതിരെ മികച്ച പോരാട്ടം നടത്തുമെന്ന് ഗോകുലം കേരള ഹെഡ് കോച്ച് ടി എ രഞ്ജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെയുള്ള മത്സരങ്ങളില്‍ 37 പോയിന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലത്തിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ കിരീട പ്രതീക്ഷയുണ്ട്. ടീം നായകൻ സെർജിയോ ലാമാസും സ്ട്രൈക്കർ തബിസോ ബ്രൗണും ഇഗ്നാസിയോ അബെലെഡോയും മികച്ച ഫോമിലായത് ഗോകുലത്തിന് മികച്ച പ്രതീക്ഷ നൽകുന്നതാണന്നും ടി എ രഞ്ജിത്ത് പറഞ്ഞു. മികച്ച ടീം ഗെയിമിലൂടെ ഡെംപോയ്ക്കെതിരെ മേൽക്കൈ നേടുമെന്ന് ഗോകുലം കേരള നായകൻ സെർജിയോ ലാമാസ് പറഞ്ഞു. മികച്ച കളി പുറത്തെടുത്ത് ടൂർണമെന്റിന്റെ പട്ടികയിൽ മുന്നിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അടുത്ത മത്സരത്തിൽ വിജയിക്കുക തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നാളെത്തെ മത്സരത്തിൽ കളിച്ച് വിജയിക്കുമെന്ന് ഗോകുലം ഗോൾകീപ്പർ ഷിബിൻ രാജും വ്യക്തമാക്കി. ഫാൻസുകളുടെ പ്രോത്സാഹനമാണ് ടീമിന് ഉയരത്തിലെത്താന്‍ സഹായകമായത്. ഇനിയും പ്രോത്സാഹനം വേണം. വിജയത്തിനായുള്ള കളിക്കാരുടെ പങ്ക് തങ്ങൾ ഗ്രൗണ്ടിൽ നിർവഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നിക്കൽ ഡയറക്ടർ സി എം രഞ്ജിത്ത്, സിഇഒ അശോക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.