Site iconSite icon Janayugom Online

മികച്ച ടൂറിസം ഗ്രാമത്തിനുള്ള ഗോൾഡ് അവാർഡ് കാന്തല്ലൂരിന്

പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെ കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡിന് തിരഞ്ഞെടുത്തു. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളിൽ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം.
രാജ്യത്തിന് തന്നെ വിനോദ സഞ്ചാര മേഖലയിൽ മാതൃകയാകുന്ന പ്രവർത്തനങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷനും കാന്തല്ലൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പാക്കിയിരുന്നു. കഴിഞ്ഞ എട്ടു മാസമായി നടന്ന പരിശോധനകൾക്ക് ഒടുവിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മത്സരത്തിൽ പങ്കെടുത്ത രാജ്യത്തെ 767 ഗ്രാമങ്ങളിൽ അഞ്ച് എണ്ണത്തിന് സ്വർണവും പത്ത് ഗ്രാമങ്ങൾക്ക് വെള്ളിയും ഇരുപത് ഗ്രാമങ്ങൾക്ക് വെങ്കലവും ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനും യു എൻ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കാന്തല്ലൂർ.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം സെക്രട്ടറി വി വിദ്യാവതി പുരസ്കാരം സമ്മാനിച്ചു. കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ് , സംസ്ഥാന റൂറൽ ടൂറിസം നോഡൽ ഓഫിസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററുമായ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഈ ദേശീയ പുരസ്കാരം ലഭിച്ചത് കൂടുതൽ ഹൃദ്യമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുസ്ഥിര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതികൾക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ് ഈ ബഹുമതി. ഈ സർക്കാരിന്റെ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതി തുടർച്ചയായി അംഗീകരിക്കപ്പെടുന്നു എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Gold Award for Best Tourism Vil­lage for Kanthallur

you may also like this video;

Exit mobile version