Site iconSite icon Janayugom Online

സ്വര്‍ണപ്പാളി വിവാദം: വിജിലൻസ് റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലൻസ് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
2019ൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോൾ ചെമ്പുപാളികൾ എന്നാണ് മഹസറിൽ രേഖപ്പെടുത്തിയതെന്ന കാര്യം റിപ്പോര്‍ട്ടില്‍ വിജിലൻസ് ചൂണ്ടിക്കാട്ടും. തെറ്റായി രേഖപ്പെടുത്തിയ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, ഈ രേഖയുടെ അടിസ്ഥാനത്തിൽ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ ‘സ്പോൺസർ’ ഉണ്ണികൃഷ്ണൻ പോറ്റി, വിരമിച്ച രണ്ട് എക്സിക്യൂട്ടീവ് ഓഫിസര്‍മാർ, തിരുവാഭരണം കമ്മിഷണർ അടക്കമുള്ളവര്‍ക്ക് വീഴ്ച വന്നുവെന്നാണ് വിജിലൻസ് കണ്ടെത്തല്‍. മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്പെൻഡ് ചെയ്ത വിവരവും അറിയിക്കും. 

തങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത് ചെമ്പുപാളികളായിരുന്നുവെന്നും ഇതിൽ സ്വർണം പൂശി തിരികെ ഏല്പിക്കുകയായിരുന്നെന്ന് സ്വർണം പൂശി നൽകിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയും വിജിലൻസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. വിജിലൻസിന്റെ റിപ്പോർട്ട് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.
ക്രമസമാധാന ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരൻ, കോട്ടയം വാകത്താനം എസ്ഐ അനീഷ്, കയ്പമംഗലം സിഐ ബിജു രാധാകൃഷ്ണൻ, തൈക്കാട് സൈബർ പൊലീസ് സ്റ്റേഷൻ എഎസ്ഐ സുനിൽകുമാർ എന്നിവരാണ് പ്രത്യേക സംഘത്തിലെ അംഗങ്ങള്‍. 

Exit mobile version