Site iconSite icon Janayugom Online

സ്വര്‍ണ വില 63000 കടന്നു; ഒരു മാസത്തിനിടെ വര്‍ധിച്ചത് 6000 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നു. 63240 രൂപയായാണ് ഇന്ന് സ്വര്‍ണ വില രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപയുടെ വര്‍ധനവ്. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം. രൂപയുടെ മൂല്യത്തകര്‍ച്ചയും ഒരു ഘടകമാണ്. 

കഴിഞ്ഞ മാസം 22 നാണ് പവന്‍ വില ആദ്യമായി 60000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടെ 6000 രൂപയിലധികം കൂടി. ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം കണക്കാക്കിയാല്‍ 68000‑ല്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് ആഭരണവിലയിലും വര്‍ധനവും ഉണ്ടാകും.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6535 രൂപയിലേക്കുയര്‍ന്നു. വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 106 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. 

Exit mobile version