സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിട്ടു. പവന് ഇന്ന് 480 രൂപ കൂടി വർധിച്ചതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 59,000 രൂപയായി.അന്താരാഷ്ട്ര സ്വർണവില ഉയർന്നതാണ് കേരള വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2756 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7375 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6075 രൂപയുമാണ് ഇന്ന്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 83 ലക്ഷം രൂപ മറികടന്നു.യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്വർണ്ണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്.
ട്രംപ് പ്രസിഡന്റ് ആകുമെന്ന പ്രതീക്ഷയിൽ രണ്ടുവർഷത്തോളമായി തകർന്നടിഞ്ഞു കിടന്ന ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന വിലയായ 71,000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 2800 ഡോളറിലേക്ക് അന്താരാഷ്ട്ര സ്വർണ്ണവില എത്തുമെന്ന് പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവർഷം ഇതേ ദിവസം സ്വർണത്തിന് ഗ്രാമിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു വില. ഗ്രാമിന് 1635 രൂപയുടെയും പവന് 13080 രൂപയുടെയും വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഒരു വർഷത്തിനിടെ സ്വർണ വില 29 ശതമാനത്തോളം ഉയർന്നു. പണിക്കൂലി ഉൾപ്പെടെ ചേർത്ത് സ്വർണം വാങ്ങണമെങ്കിൽ 64000 രൂപയോളം നൽകണം. വെള്ളിയുടെ വിലയിലും വർധനവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 105 രൂപയാണ് വില.