Site iconSite icon Janayugom Online

സ്വര്‍ണവില പൊള്ളുന്നു; ഒരു ദിവസം കൂടിയത് 800 രൂപ

റെക്കോ‍ഡുകള്‍ തിരുത്തിക്കുറിച്ച് സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ കുതിപ്പ് തുടരുന്നു. പവന് 800 രൂപ വർധിച്ച്‌ 53,760 രൂപയായിരുന്നു ഇന്നലെ വില. ഗ്രാമിന് 100 രൂപ വർധിച്ച്‌ 6,720 രൂപയായി.
തുടർച്ചയായ പതിനൊന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്. നിലവിലെ സ്വർണ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ 57,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

കഴിഞ്ഞ മാസം 29 നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. ഏപ്രില്‍ ഒന്നിന് 22 കാരറ്റ് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു. ഏപ്രില്‍ ഒമ്പതിന് രണ്ടുതവണ സ്വര്‍ണ വില കൂടി. രാവിലെ പവന് 52,600 രൂപയും വൈകുന്നേരം പവന് 52,800 രൂപയുമായിരുന്നു. ഏപ്രിൽ മാസം മാത്രം ഏകദേശം 2880 രൂപ ഒരു പവൻ സ്വർണത്തിന് വർധിച്ചിട്ടുണ്ട്. ഇതേ മുന്നേറ്റം തുടർന്നാൽ വൈകാതെ പവന്റെ വില 75,000 രൂപയിലെത്തും. 

ഈ വർഷം ഇതുവരെ 6920 രൂപയാണ് പവന് കൂടിയത്. ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവന്റെ വില. ഏറിയും കുറഞ്ഞും മുന്നോട്ടുപോയ വില ജനുവരി 31-ാം തീയതി 46,400 രൂപയിൽ എത്തി. ഫെബ്രുവരി 15-ാം തീയതിയാണ് സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 45,520 രൂപയായിരുന്നു അന്നത്തെ വില. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന യുദ്ധം പോലുള്ള വിവിധ പ്രശ്‌നങ്ങളും യുഎസിലെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയുമൊക്കെ സ്വര്‍ണ വിലയുടെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകള്‍ സ്വർണത്തിലുള്ള നിക്ഷേപ താല്പര്യം വർധിപ്പിച്ചു. അതോടൊപ്പം സിറിയ, ഇസ്രയേല്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തി നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് കരുത്തുപകരുന്നു. ചൈനയിലെ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതും പൊടുന്നനെയുള്ള വില വര്‍ധനവിന് കാരണമായിട്ടുണ്ട്. 

Eng­lish Sum­ma­ry: Gold prices burn; 800 per day maximum

You may also like this video

Exit mobile version