സ്വർണവില സർവകാല റെക്കോഡിൽ തുടരുന്നു. ഒരു വിഭാഗം വ്യാപാരികൾ ഇന്നലെ വൈകീട്ട് വില വർധിപ്പിച്ചതോടെ കേരളത്തിലെ വിവിധ അസോസിയേഷന് കീഴിലുള്ള ജ്വല്ലറികളിൽ വ്യത്യസ്ത വിലയാണ് ഇന്നും ഈടാക്കുന്നത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ബി. ഗോവിന്ദനും ജസ്റ്റിൻ പാലത്രയും നേതൃത്വം നൽകുന്ന എ.കെ.ജി.എസ്.എം.എ (ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ) സ്വർണവിലയിൽ മാറ്റം വരുത്തിയത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂട്ടിയത്. ഇതോടെ, ഈ അസോസിയേഷനിൽ അംഗങ്ങളായ ജ്വല്ലറികളിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,465 രൂപയും പവന് 91,720 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്.
എന്നാൽ, കെ. സുരേന്ദ്രനും അഡ്വ. എസ്. അബ്ദുൽനാസറും നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ഇന്നലെ രാവിലെയുള്ള അതേ വിലയിലാണ് ഇന്നും വിൽപന നടത്തുന്നത്. ഗ്രാമിന് 11,390 രൂപയും പവന് 91,120 രൂപയുമാണ് ഈ സംഘടനയിൽ അംഗങ്ങളായ ജ്വല്ലറികളിലെ വില. പവൻ വിലയിൽ 600 രൂപയുടെ വ്യത്യാസമാണ് ഇരുവിഭാഗവും തമ്മിലുള്ളത്.

