Site iconSite icon Janayugom Online

സ്വർണ്ണവില കുതിക്കുന്നു; പവന് 1,26,920 രൂപ, രണ്ടുദിവസത്തിനിടെ 9,000 രൂപയുടെ വർധനവ്

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ സ്വർണ്ണവിലയിൽ റെക്കോർഡ് വർധനവ്. ഇന്ന് മാത്രം പവന് 3,200 രൂപ വർധിച്ച് വില 1,26,920 രൂപയിലെത്തി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവൻ വിലയിൽ 9,000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 400 രൂപ വർധിച്ച് 15,865 രൂപയാണ് ഇന്നത്തെ നിരക്ക്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിലുണ്ടായ കടുത്ത യുദ്ധസാഹചര്യമാണ് വിപണിയെ പിടിച്ചുലച്ചത്. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയും ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. സാമ്പത്തിക അസ്ഥിരത ഭയന്ന് നിക്ഷേപകർ കൂട്ടത്തോടെ സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് മാറിയതാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന ഘടകം.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണ്ണ ഇറക്കുമതി ചെലവ് വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 23ന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്ന സ്വർണ്ണവില, ഇടക്കാലത്തെ കുറവിനു ശേഷം വീണ്ടും റെക്കോർഡ് ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ, യുദ്ധം തുടരുന്നത് വരും ദിവസങ്ങളിലും വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version