Site iconSite icon Janayugom Online

സ്വർണക്കടത്ത് കേസുകളിലെ ശിക്ഷയിളവ്: എതിർപ്പ് രൂക്ഷം

സ്വർണക്കടത്ത് കേസുകളിൽ 50 ലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന സ്വർണവുമായി പിടിയിലായാൽ മാത്രം ഇനിമുതൽ അറസ്റ്റിലേക്കും കോടതി നടപടികളിലേക്കും പോയാൽ മതി എന്ന പുതിയ ഉത്തരവിനെതിരെ എതിർപ്പ് രൂക്ഷം. ഉത്തരവ് കള്ളക്കടത്ത് വർധിക്കാനും സ്വർണക്കടത്ത് ലോബിക്ക് ഒത്താശ ചെയ്യുന്നതുമാണെന്ന ആക്ഷേപവുമായി ഇറക്കുമതിക്കാരും വ്യാപാരികളും രംഗത്തെത്തി. ഇതുവരെ, 20 ലക്ഷം രൂപയ്ക്കു മുകളിൽ വില വരുന്ന അനധികൃത സ്വർണവുമായി പിടിയിലാകുന്ന കേസുകളിൽ അറസ്റ്റിനും കോടതി നടപടികൾക്കും വ്യവസ്ഥയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസുകളിൽ 90 ശതമാനവും കോടതിയിലെത്തിയിരുന്നു. ഈ അവസ്ഥയ്ക്കാണ് പുതിയ ഭേദഗതിയോടെ മാറ്റം വന്നിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സിബിഐസി) ആണ്, 2015 മുതൽ നിലവിലുണ്ടായിരുന്ന പഴയ മാനദണ്ഡം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

കസ്റ്റംസിൽ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമാണെന്നും ഉള്ള ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്ത് കേസുകളുമായി കോടതികൾ കയറിയിറങ്ങേണ്ടി വരുന്നതിനാൽ മറ്റ് ജോലികളിൽ വ്യാപൃതരാകാൻ കഴിയുന്നില്ലെന്നുമാണ് ഭേദഗതിക്ക് ആധാരമായി പറയുന്ന വിചിത്ര ന്യായങ്ങൾ. ഇതിനു പുറമെ, ഇറക്കുമതി തീരുവ വെട്ടിക്കുന്നതും അനധികൃതമായി ഇളവുകൾ സമ്പാദിക്കുന്നതുമായ സംഭവങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തി കേസ് എടുക്കണമെന്ന് നിഷ്കർഷിച്ചിരുന്ന നിലവിലെ മാനദണ്ഡത്തിലും സ്വർണക്കടത്ത് ലോബിക്ക് അനുകൂലമായി ഭേദഗതി വരുത്തിയിട്ടുണ്ട്. അറസ്റ്റിനും കേസിനും നിലവിൽ നിശ്ചയിച്ചിരുന്ന പരിധി ഒരു കോടി രൂപയായിരുന്നത് രണ്ട് കോടിയായി ഉയർത്തുന്നതാണ് ഭേദഗതി. സ്വർണം പവന് 20,000 രൂപയിൽ താഴെയായിരുന്ന സമയത്താണ് നിയമമുണ്ടാക്കിയതെന്നും ഇപ്പോൾ പവന് 40,000 രൂപയിൽ താഴെയാണെന്നുമാണ് ഈ മാറ്റത്തിനു പറയുന്ന ന്യായം. വിസിറ്റിങ് വിസയിൽ ഗൾഫ് രാജ്യങ്ങളിലെത്തുന്ന മലയാളി യുവാക്കളെ പ്രലോഭിപ്പിച്ച്, വിമാന ടിക്കറ്റിന്റെ വിലയും ചില്ലറ പാരിതോഷികങ്ങളും നൽകി, തിരിച്ചുള്ള വരവിൽ സ്വർണം കൊടുത്തു വിടുന്ന രീതി പുതിയ ഇളവിന്റെ പശ്ചാത്തലത്തിൽ വർധിക്കുമെന്നാണ് ഇറക്കുമതിക്കാരും വ്യാപാരികളും ചൂണ്ടിക്കാണിക്കുന്നത്.

കോവിഡ് കാലത്ത് പാഴായിപ്പോയ അവസരങ്ങളെല്ലാം തിരിച്ചു പിടിക്കാനും പുതിയ ഉത്തരവ് സ്വർണക്കടത്ത് ലോബിക്ക് ഏറെ ഗുണം ചെയ്യും. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ച നടപടിക്കെതിരെ ഉയർന്ന എതിർപ്പ് നിലനിൽക്കുന്നതിനിടയിലാണ് കള്ളക്കടത്തുകാർക്ക് കേന്ദ്രം വക പുതിയ സൗജന്യം. രാജ്യത്ത് ഏറ്റവുമധികം സ്വർണക്കടത്ത് നടക്കുന്ന 10 വിമാനത്താവളങ്ങളിൽ മൂന്നും കേരളത്തിലാണ്. തിരുവനന്തപുരം, കരിപ്പൂർ, നെടുമ്പാശേരി എന്നിവ. അതിൽത്തന്നെ രാജ്യത്ത് കരിപ്പൂരിനാണ് രണ്ടാം സ്ഥാനമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിമാനത്താവളങ്ങൾ വഴി വരുന്ന അനധികൃത സ്വർണത്തിൽ അധികവും വിമാനത്താവളങ്ങൾക്കു പുറത്തു വച്ച് പൊലീസാണ് പിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Eng­lish Sum­ma­ry: Gold smug­gling case
You may also like this video

Exit mobile version