Site icon Janayugom Online

സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വസൈറി ബോർഡിന്റേതാണ് തീരുമാനം. അർജുൻ നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി.

2017ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ. എന്നാല്‍ ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി.

കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്.

ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷമാണ് അർജുൻ ആയങ്കി കസ്റ്റംസിന്റെ പിടിയിലായത്.

2021 ജൂൺ 28 അറസ്റ്റിലായ അ‍ർജുൻ ആയങ്കി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും മെയ് മാസം ആദ്യം ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കമ്മീഷണർ ശുപാർശ നൽകിയത്.

Eng­lish summary;Gold smug­gling case; Arjun Ayanki’s kap­pa cancelled

You may also like this video;

Exit mobile version