Site iconSite icon Janayugom Online

സ്വർണക്കടത്ത് കേ‌സ്; സ്വപ്നയ്ക്ക് കേന്ദ്ര സഹായം: സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചു

നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജപ്തി നടപടികളിൽനിന്ന് രക്ഷപ്പെടാൻ കേന്ദ്രസർക്കാരിന്റെ സഹായം. കള്ളക്കടത്തുകാരുടെയും വിദേശ നാണ്യതട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമം (സഫേമ) അനുസരിച്ച് തന്റെ സ്വത്ത് കണ്ടുകെട്ടാൻ അധികാരമില്ലെന്ന് വാദിച്ച് സ്വപ്ന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കവേ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഹർജി തീർപ്പാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. 

നോട്ടീസ് പിൻവലിച്ച കാര്യം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ ഏഴു ദിവസത്തിനകം അറിയിക്കണമെന്നും കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. സ്വപ്നയുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന് ചൂണ്ടിക്കാട്ടി സഫേമ നിയമത്തിലെ ആറാംവകുപ്പ് അനുസരിച്ച് കേന്ദ്ര അതോറിറ്റി നടപടികൾ ആരംഭിച്ചിരുന്നു. കൊഫെപോസ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സ്വപ്നയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ഉപദേശകസമിതി ഈ തടവ് അംഗീകരിക്കുകയും ചെയ്തു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. 

കൊഫെപോസ പ്രകാരമുള്ള നടപടികൾ റദ്ദാക്കിയതിനാൽ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര അതോറിറ്റിക്ക് അധികാരമില്ലെന്ന് അവകാശപ്പെട്ട് സ്വപ്ന വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് വാദത്തിനുപോലും മുതിരാതെ കേന്ദ്രസർക്കാർ അഭിഭാഷകൻ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കോടതിയെ അറിയിച്ചത്. 

Eng­lish Summary;Gold smug­gling case; Cen­tral aid to Swap­na: Prop­er­ty con­fis­ca­tion notice withdrawn
You may also like this video

Exit mobile version