സ്വര്‍ണ്ണക്കടത്ത് കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. മുസ്ലീം ലീഗ് നേതാവ് കെ കെ ഇബ്രാഹിം കുട്ടിയുടെ തൃക്കാക്കരയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ നിന്നും സ്വര്‍ണ്ണം പിടിച്ച സംഭവത്തിലായിരുന്നു പരിശോധന. ഇബ്രാഹിം കുട്ടിയുടെ മകന്‍ സിറാജുദീന്‍ ഒളിവിലാണ്.
ഇക്കഴിഞ്ഞ 23 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ നിന്നും 2.26 കിലോഗ്രാം സ്വര്‍ണ്ണക്കട്ടികള്‍ പിടികൂടിയ സംഭവത്തിന്റെ തുടര്‍ച്ചയായായിരുന്നു പരിശോധന. ഇറച്ചിവെട്ടുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കാര്‍ഗോയില്‍ പാഴ്‌സല്‍ കൈപ്പറ്റാനെത്തിയ വാഹനം ഓടിച്ചിരുന്ന തൃക്കാക്കര സ്വദേശി നകുല്‍ അന്ന് പിടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വര്‍ണ്ണക്കടത്തിലെ ഉന്നത ബന്ധം പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ കെ കെ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
ലീഗ് നേതാവിന്റെ മകന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായ നകുല്‍ ലീഗ് നേതാവിന്റെ മകന്റെ ഡ്രൈവറാണ്. 12 മണിക്ക് ആരംഭിച്ച റെയ്ഡ് 3 മണിക്കൂര്‍ നീണ്ടു. ലാപ്‌ടോപ്പ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തതായി ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ ഇബ്രാഹിം കുട്ടി പറഞ്ഞു.
തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നാണ് ലീഗ് നേതാവിന്റെ വാദം. ലീഗ് നേതാവിന്റെ മകനായ സിറാജുദ്ദീന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണ്ണം പിടികൂടിയത് മുതല്‍ ഇയാള്‍ ഒളിവിലാണ്. പ്രാദേശികമായി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് തുറന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തുകയായിരുന്നു. മുന്‍പും ഇയാള്‍ സ്വര്‍ണ്ണം കടത്തിയതായാണ് കസ്റ്റംസിന്റെ നിഗമനം.
English Summary:Gold smuggling case; Customs inspection at the house of Thrikkakara Municipal Corporation Vice Chairman
You may also like this video