Site iconSite icon Janayugom Online

സ്വര്‍ണത്തിന്‌ ഇനി പവര്‍ കൂടും

ചരിത്രത്തിലാദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ കടന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 110 രൂപ കൂടി വര്‍ധിച്ച് 8,230 രൂപയിലെത്തിയപ്പോള്‍ പവന് 880 രൂപ കൂടി വര്‍ധിച്ച് 65,840 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 1,680 രൂപയോളം വില ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണവില ചരിത്രത്തിലാദ്യമായി 3000 ഡോളര്‍ കടന്നതോടെ സ്വര്‍ണവില വീണ്ടും ചരിത്രത്തിലിടം നേടും.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 6,734 രൂപയും പവന് 720 രൂപ കൂടി 53,872 രൂപയുമായപ്പോള്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ ഉയര്‍ന്ന് 8978 രൂപയും പവന് 960 രൂപ ഉയര്‍ന്ന് 71824 രൂപയിലുമെത്തി. വില ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനുള്ള ചെലവ് 75,000 രൂപ കടന്നു. 

പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്റെ ആഭരണത്തിന് 74600 രൂപയാണ് വില. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് നയത്തിനൊപ്പം പുറത്തുവന്ന പണപ്പെരുപ്പ ഡാറ്റയാണ് സ്വര്‍ണവിലയെ മാറ്റി മറിച്ചത്. ഫെബ്രുവരിയിൽ മൊത്തവില പണപ്പെരുപ്പം നിശ്ചലമായതോടെ പണനയത്തില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷ ഉയര്‍ന്നത് സ്വര്‍ണത്തിന് അനുകൂലമായി.

Exit mobile version