Site iconSite icon Janayugom Online

ഹിജാബ് ധരിച്ചെത്തുന്നവര്‍ക്ക് ഇനി സ്വര്‍ണം വില്‍ക്കില്ല; തീരുമാനവുമായി ജ്വല്ലറി ഉടമകള്‍

മുഖം മറച്ചെത്തുന്നവര്‍ക്ക് ഇനി സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കില്ലെന്ന് ബിഹാറിലെ സ്വര്‍ണ വ്യാപാരി സംഘടനകളുടെ തീരുമാനം. ജ്വല്ലറികളില്‍ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ് സ്മിത്ത് ഫെഡറേഷന്‍ ബിഹാര്‍ ഘടകം നേതാക്കള്‍ അറിയിച്ചു.

‘മുഖം മറച്ചെത്തുന്ന ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണം വില്‍ക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഹിജാബ് ധരിച്ചെത്തുന്ന സ്ത്രീകള്‍ക്കോ മറ്റ് എന്തെങ്കിലുമായി മുഖം മറച്ചെത്തുന്നവര്‍ക്കോ ആഭരണങ്ങള്‍ കാണിച്ചുകൊടുക്കുകയോ വില്‍ക്കുകയോ ചെയ്യില്ല,‘എഐജെജിഎഫ് ബിഹാര്‍ പ്രസിഡന്റ് അശോക് കുമാര്‍ വര്‍മ പറഞ്ഞു. ജ്വല്ലറി ഉടമകളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഖം മൂടി ധരിച്ചെത്തിയ കൊള്ളക്കാര്‍ ജ്വല്ലറികള്‍ കൊള്ളയടിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുഖം മറച്ച് ഉപഭോക്താക്കള്‍ അകത്തു പ്രവേശിച്ചാല്‍ ഞങ്ങള്‍ക്ക് അവരെ തിരിച്ചറിയാന്‍ കഴിയില്ല. മോഷണം നടന്നാല്‍ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിക്കാനും ഈ തീരുമാനം ഉപകരിക്കുമെന്ന് വര്‍മ്മ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഭോജ്പൂര്‍ ജില്ലയില്‍ മുഖം മൂടി ധരിച്ചെത്തിയ ക്രിമിനലുകള്‍ 25 കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നത്. നവംബറില്‍ സിവാന്‍ ജില്ലയിലും സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. 

Exit mobile version