Site iconSite icon Janayugom Online

കരിപ്പൂര്‍ വിമാനത്താവളത്തിൽ 26 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 ഗ്രാം സ്വര്‍ണ്ണമിശ്രിതം പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കാരനെ കരിപ്പൂർ പൊലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 08.15ന് ദുബായില്‍ നിന്നും വന്ന ഇന്‍ഡിഗോ 6 ഇ 1476 വിമാനത്തില്‍ കരിപ്പൂരിൽ വന്നിറങ്ങിയ താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. 

ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് മിസ്ഫര്‍ കുറ്റം സമ്മതിച്ചത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിൽ രണ്ട് പാക്കറ്റുകളിലാക്കി ധരിച്ച ജീന്‍സിന്റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. ഇന്നത്തെ വിപണി വിലയനുസരിച്ച് ഏകദേശം 26 ലക്ഷത്തിലധികം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. മിസ്ഫറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Exit mobile version