Site iconSite icon Janayugom Online

സുവര്‍ണ പ്രതീക്ഷ ; ആദ്യ ഒളിമ്പിക് മെഡല്‍തേടി മനു ഭാകര്‍ ഇന്നിറങ്ങും

ഒളിമ്പിക്‌സ് ഷൂട്ടിങില്‍ തുടക്കം പാളിയെങ്കിലും ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയേകി യുവതാരം മനു ഭാകര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാവിഭാഗത്തില്‍ ഫൈനലിലേക്ക് ഇന്ത്യന്‍ താരം യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തായിരുന്നു മനു ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ റിതം സാങ്വാനും ഇന്ത്യക്കായി മല്‍സരിച്ചിരുന്നെങ്കിലും ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിച്ചില്ല.
ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് മനു ഫൈനലില്‍ ഇറങ്ങുക. 22 കാരിയായ താരത്തിന്റെ കരിയറിലെ ആദ്യത്തെ ഒളിമ്പിക് ഫൈനലാണിത്. തന്റെ ഫോം നിലനിര്‍ത്താന്‍ മനു ഭാക്കറിന് സാധിച്ചാല്‍ രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ കഴിയും.
ആവേശകരമായ യോഗ്യതാ റൗണ്ടില്‍ 580 എന്ന സ്‌കോര്‍ നേടിയാണ് മനുവിന്റെ ഫൈനല്‍ പ്രവേശനം. 97 പോയിന്റുമായി നാലാം സ്ഥാനത്തെത്തി ആദ്യ റൗണ്ടില്‍ മികച്ച തുടക്കമാണ് മനു കുറിച്ചത്. രണ്ടാം റൗണ്ടിലും 97 പോയിന്റ് നേടി. മൂന്നാം റൗണ്ടില്‍ 98 പോയിന്റ് നേടി നില മെച്ചപ്പെടുത്തിയെങ്കിലും നാലാം റൗണ്ടിലെ മങ്ങിയ പ്രകടനം അല്പം തിരിച്ചടിയായി. അഞ്ചാം റൗണ്ടില്‍ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 

ഹംഗറിയുടെ വെറോണിക്ക മേജര്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തി. സ്‌കോര്‍ 582. ദക്ഷിണകൊറിയന്‍ താരം ഓ യെ ജിന്‍ ഇതേ പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മൂന്ന് വർഷം മുമ്പ് ടോക്യോയിലെ ഒളിമ്പിക് അരങ്ങേറ്റത്തില്‍ മനുവിന് തിളങ്ങാനായിരുന്നില്ല. എന്നാല്‍ ഇത്തവണ രാജ്യത്തിന് ആദ്യ മെഡൽ കൊണ്ടുവരാൻ മനുവിന് കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈയിനത്തില്‍ മനുവിനൊപ്പം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്നു റിതം. പക്ഷെ താരത്തിനു ഇതിനൊത്തുയരാന്‍ കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടില്‍ 573 സ്‌കോര്‍ നേടിയ റിതം 15-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ചൈനീസ് താരങ്ങളായ ലി ഷുവെ, ജിയാങ് റെന്‍ഷിന്‍ എന്നിവരും അവസാന എട്ടില്‍ ഇടംനേടി. ദക്ഷിണകൊറിയയുടെ തന്നെ മറ്റൊരു താരമായ കിം യെ ജി, വിയറ്റ്‌നാമിന്റെ ട്രിന്‍ തു വിന്‍, തുര്‍ക്കിയുടെ ഇലായ്ദ തര്‍ഹാന്‍ എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തിലും ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിനമായിരുന്നു. ഇരുവിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്തായി.

Eng­lish sum­ma­ry ; Gold­en Hope; Manu Bhakar will go for his first Olympic medal today

You may also like this video

Exit mobile version