Site iconSite icon Janayugom Online

കേരള ക്രിക്കറ്റില്‍ സുവര്‍ണാധ്യായം

കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത താരങ്ങളെയെല്ലാം എത്ര അഭിനന്ദിച്ചാലും അധികമാകില്ല. സച്ചിൻ ബേബി നയിച്ച കേരള ടീം അസാധാരണ തന്റേടമാണ് എല്ലാകളികളിലും പ്രകടമാക്കിയത്. അക്ഷോഭ്യരായി അതീവ തന്മയത്വത്തോടെ ജയം മാത്രം ലക്ഷ്യം വെച്ച് നടത്തിയ പോരാട്ടങ്ങൾ ചരിത്രരേഖയിൽ തെളിഞ്ഞു നിൽക്കും. ടീം അംഗങ്ങളെല്ലാം പരസ്പരസഹകരണത്തോടെ വിജയപീഠം മനസിൽ നിറച്ചു വെച്ച് പോരാടിയതുകൊണ്ടാണ് ഒന്നിനോട് തുല്യമായ രണ്ട് സ്വന്തമായത്. എല്ലാകളിക്കാർക്കും അഭിനന്ദനങ്ങൾ.

കളിയിലെ ചില സന്ദർഭങ്ങൾ ആവേശത്തിന്റെ മുൾമുന തീർത്തു. ഏറ്റവും ആവേശകരമായ കളി സെമിഫൈനൽ ആയിരുന്നു. ഇതിന് മുമ്പ് സെമിഫൈനൽ എന്ന ലക്ഷ്മണ രേഖ കടക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഫൈനൽ മൽസരത്തിൽ തുല്യത പാലിച്ചത് ഏറ്റവും വലിയ നേട്ടമാണ്. കേരള ക്രിക്കറ്റിന് ശോഭനമായ ഭാവിയുണ്ടെന്നും ആർക്കും ഈസിയായി മറികടക്കാവുന്ന യാന്ത്രിക ഗ്യാങ് അല്ലെന്നും ഓരോ മൽസരവും വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ സെലക്ഷനിൽ കേരളത്തെ കറിവേപ്പില പോലെ വലിച്ചെറിയുന്ന കേന്ദ്ര സെലക്ടർമാർക്ക് ഇനിയും കേരളതാരങളെ എഴുതിത്തള്ളാനാകില്ല. രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇത്രയും വലിയ തിളക്കം വന്നതിന് മുൻപിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ മുന്നൊരുക്കങ്ങൾ കാണാതിരുന്നുകൂടാ. ഒന്ന്, കെസിഎ നടത്തിയ ക്രിക്കറ്റ് ലീഗ് തന്നെയാണ്. ആറു ടീമുകളുടെ പോരാട്ടം കളിക്കാരുടെ ആത്മവിശ്വാസത്തിന് കരുത്ത് പകർന്നു. ദീർഘകാലം പഴക്കമുള്ള കേരള ക്രിക്കറ്റ് പുനരവതരിച്ച പ്രതീതിയാണ് സ്റ്റേഡിയത്തിലുണ്ടായത്. നിരന്തരമായ കളിയും പരിശീലനവും ഉണ്ടെങ്കിൽ കേരള ക്രിക്കറ്റ് യഥാർത്ഥ കരുത്തോടെ കടന്നുവരുമെന്നതിൽ തർക്കമില്ല. 

ഒരു കാര്യം വളരെ വ്യക്തമായി നമുക്കു ബോധ്യപ്പെട്ടു. കായിക രംഗം വളരുവാൻ കൃത്യമായ ആസൂത്രണം വേണം. ചട്ടപ്പടി പ്രവർത്തനവുമായി അസോസിയേഷനുകൾ മുന്നോട്ട് പോയാൽ നമ്മുടെ നാടിന് ഫലമുണ്ടാവില്ല. കായിക രംഗത്ത് നാൽപ്പതിലേറെ അസോസിയേഷനുകളുണ്ട്, പക്ഷെ. മിക്കതും അധികാരം നിലനിർത്താൻ മാത്രമുള്ളതാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. കാരണം രഞ്ജി ട്രോഫിയിൽ കളിച്ച് രണ്ടാം സ്ഥാനവുമായി വരുന്ന കളിക്കാരെയും, അവരുടെ കളികാണുവാൻ വേണ്ടി അവിടേക്ക് അസോസിയേഷൻ അയച്ച 14, 16 വയസുകാരായ ജൂനിയേഴ്സിനെയും തിരുവനന്തപുരത്ത് തിരികെ കൊണ്ടു വന്നത് കെസിഎ തയ്യാറാക്കിയ ചാർട്ടേഡ് വിമാനത്തിലായിരുന്നു. അവർക്ക് രാജോചിതമായ സ്വീകരണവും ഒരുക്കി. സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരണചടങ്ങിൽ മുഖ്യാതിഥികളായി. രണ്ടു മാസം മുമ്പാണ് യാത്ര ടിക്കറ്റ് കൺഫോമാവാതെ റെയിൽവേ സ്റ്റേഷനിൽ കരഞ്ഞിരുന്ന കുട്ടികളെ മന്ത്രി ശിവൻകുട്ടി ഇടപെട്ട് വിമാനത്തിൽ അയച്ചത്. അപ്പോഴും തനത് അസോസിയേഷൻ ഭാരവാഹികൾ രംഗത്തുണ്ടായിരുന്നില്ല.

കെസിഎ കാണിച്ച മാതൃക അഭിനന്ദനാർഹമാണ്. നമ്മുടെ സംസ്ഥാനത്തിലെ കായിക മേഖലയിൽകേരള‑ക്രിക്കറ്റില്-സുവര ഓരോ ഇനവും വളർത്തിയെടുക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ഡൽഹിയിൽ നടക്കുന്ന കള്ളക്കളികളില്‍ നാം പങ്കാളികളായികൂടാ. നമ്മുടെ യുവസമൂഹത്തിന്റെ കായികമികവും വളർച്ചയും നേരാംവഴിക്ക് നയിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാൽ ഒത്തിരി നന്മകൾ കൈവരിക്കാൻ കഴിയും.
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് ഒരു കളി മാത്രമാണ് ശേഷിക്കുന്നത്. 23 കളി കഴിഞ്ഞു. ഹോം ഗ്രൗണ്ടിൽ എല്ലാ മത്സരവും കഴിഞ്ഞു. ആകെ 12 മത്സരങ്ങളാണ് ഹോം ഗ്രൗണ്ടിൽ ഉണ്ടായത്. അതിൽ അഞ്ചിൽ ജയിച്ചത് ഭാഗ്യം. അത്രതന്നെ തോറ്റു, രണ്ട് സമനില. കഴിഞ്ഞുപോയ മത്സരങ്ങളുടെ പോസ്റ്റുമോർട്ടം കൊണ്ട് കാര്യമില്ല. ഒരു കാര്യം ഉറപ്പാണ്. നമ്മുടെ നാട്ടുകാരൻ ഗോളി പുരുഷോത്തമൻ വലിയ കോച്ച് ഭാവമില്ലാതെ മുംബെ സിറ്റിക്കെതിരെ ടീമിനെ ഒരുക്കിയപ്പോൾ വീഴ്ചകൾ കൃത്യമായി അപ്പപ്പോൾ പരിഹരിച്ച് ജയം സ്വന്തമാക്കി. ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്. ഒരു കളികഴിഞ്ഞാൽ സീസൺ കഴിയും.

Exit mobile version