Site iconSite icon Janayugom Online

ഗുഡ് എര്‍ത്തിന്റെ സ്വന്തം പേള്‍‍ എസ് ബക്ക്

പീനട്ട് കൊറിച്ചിരിക്കുന്നതിനിടയിലാണ് അവള്‍ വായന നടത്തുന്നത്. കുറച്ചു വായിച്ചിട്ട് പുസ്തകം അടച്ചുവച്ച് പീനട്ട് തീറ്റയായി. പക്ഷേ ചാള്‍സ് ഡിക്കന്‍സിന്റെ പുസ്തകം ആദ്യമായി കിട്ടിയപ്പോള്‍, അതിന്റെ വായനാനുഭവത്തില്‍ ആ പെണ്‍കുട്ടി പീനട്ട് കൊറിക്കാന്‍ മറന്നുപോയി. എത്രയോ മണിക്കൂറുകളോളമാണ് ഒലിവര്‍ട്വിസ്റ്റും, ദ ടെയ്‌ല്‍ ഓഫ് ടു സിറ്റീസുമൊക്കെയായി സംവദിച്ചുകൊണ്ടിരുന്നത്. വായിച്ചുകൂട്ടിയ ഡിക്കന്‍സ് കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ആന്തരികസ്പര്‍ശമായപ്പോള്‍, ആ കഥാപാത്രങ്ങളോടുള്ള ഹൃദയ സംഭാഷണം ഉറക്കെ, ഉറക്കത്തിലും പറച്ചിലായി. അത്തരം നിരന്തരം വായനകളിലൂടെ ആ പെണ്‍കുട്ടിയും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ തുടങ്ങി. അങ്ങനെയങ്ങനെ എഴുത്തോടെഴുത്തായി.

പലതും എഴുതി പ്രസിദ്ധീകരിക്കുന്നതിനിടയില്‍ ഒരു കൃതി ലോകശ്രദ്ധ പിടിച്ചുപറ്റി ‘ ഗുഡ് എര്‍ത് (നല്ല ഭൂമി). അതാകട്ടെ നോബല്‍ പ്രൈസുവരെ നേടി. പേള്‍ എസ് ബക്ക് എന്ന അമേരിക്കന്‍ സ്വദേശിനിയായിരുന്നു ആ എഴുത്തുകാരി. സ്വന്തം ചുറ്റുപാടോ, യുഎസിന്റെ ചരിത്രസംഹിതകളോ ജീവിത സംത്രാസങ്ങളോ അല്ല കൃതിയില്‍ അവതരിപ്പിച്ചത്. ചൈനീസ് ജീവിതങ്ങളും പച്ചയായ കാര്‍ഷികവൃത്തികളും ജനമനസുകളും ദുഃഖദുരിതങ്ങളും പരിശ്രമപാഠങ്ങളും മണ്ണിനോടുള്ള അടങ്ങാത്ത ആസക്തികളുമാണ്. വിമോചനത്തിനു മുമ്പ് അമേരിക്കന്‍ മിഷനറി സര്‍വീസിലൂടെ ചൈനയില്‍ കടന്നുകൂടി, കുറെയേറെക്കാലം അവിടെ ജീവിച്ചപ്പോള്‍ ആ രാജ്യത്തിന്റെ ഉള്‍നാടുകളില്‍ നിന്നുകിട്ടിയ ജീവിതത്തിന്റെ വൈവിധ്യങ്ങളെ എഴുതിക്കൂട്ടുകയായിരുന്നു സാഹിത്യ വൈഭവത്തോടെ അവര്‍. പേള്‍ എസ് ബക്കിന്റെ ഏഴെട്ടു നോവലുകളില്‍ ചൈനീസ് ജീവിതങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളും കല്‍പ്പനാചാരുതകളുമാണ് ഗുഡ് എര്‍ത്തില്‍ അവതരിപ്പിച്ചത്. റൊമാന്റിക് രീതിക്കപ്പുറത്തേക്ക് കടന്ന് റിയലിസത്തിന്റെ തീക്ഷ്ണതയാണ് നോവലില്‍ അവര്‍ അവതരിപ്പിച്ചത്. ‘ഡ്രാഗണ്‍ സീസ്’ ഗുഡ് എര്‍ത്തിനേക്കാള്‍ മികച്ചതാണെന്ന് ചില നിരൂപകര്‍ കണ്ടെത്താതിരുന്നിട്ടില്ല. ഗുഡ് എര്‍ത്ത് 1937ലാണ് വെളിച്ചം കാണുന്നത്. ഈസ്റ്റ് വിന്‍ഡ്, വെസ്റ്റ് വിന്‍ഡ്, സണ്‍സ് ദം പെരില്‍മെന്റ് എന്നീ നോവലുകളും പിന്നെ കുട്ടികള്‍ക്കുവേണ്ടിയുള്ള രചനകളും ചെറുകഥകളുമൊക്കെ കൂട്ടത്തിലുണ്ട്. 

1892ല്‍ ജനിച്ച പേള്‍ ബക്ക് 1917ല്‍ ജോണ്‍ എസ് ബക്കിനെ വിവാഹം കഴിച്ചതോടെയാണ് പേള്‍ എസ് ബക്കിലേക്ക് പേര് മാറ്റിയത്. അമേരിക്കയില്‍ വെസ്റ്റ് വിര്‍ജീനിയയില്‍ ഹില്‍ഷോറില്‍ ജനിച്ച പേള്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലായിരുന്നു. മിഷനറികളായ മാതാപിതാക്കള്‍ ചൈനയിലേക്ക് പോയപ്പോള്‍ മകളും കൂടെ പോയതിന്റെ ഫലമായിരുന്നു ചൈനീസ് ജീവിതങ്ങളുടെ നേര്‍രേഖകളും വക്രരേഖകളും പദസഹസ്രങ്ങളായി നോവലില്‍ പെയ്തിറങ്ങിയത്. വാങ്‌ലുങ് എന്ന ഒരു എളിയ കര്‍ഷകനിലൂടെ നല്ല ഭൂമി കഥാവായനയ്ക്ക് നാന്ദികുറിക്കുകയാണ്. പടുവൃദ്ധനായി അയാളുടെ അച്ഛന്‍ വീടിനുള്ളില്‍ കുടുങ്ങിയൊടുങ്ങാന്‍ തയാറായിരുന്ന നാളില്‍ മകനെക്കൊണ്ട് അടുത്തുള്ള ഒരു തറവാട്ടിലെ ഹ്വാങ് കുടുംബത്തില്‍ അടിമകളായി നില്‍ക്കുന്ന പെണ്ണുങ്ങളില്‍ ഒരുവളെ കല്യാണം കഴിപ്പിച്ചു. അവള്‍ ഒലാന്‍. ഗുഡ് എര്‍ത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തോടൊപ്പം തന്നെ അപ്രധാനമല്ലാത്ത അവസരമാണ് ആ ഒലാനുമുള്ളത്. അവളാണെങ്കിലോ തികച്ചും നാടന്‍ പെണ്ണ്. പണിയെടുക്കാനും കുടുംബം നോക്കാനും വാങ്‌ലൂങിന്റെ വലം കൈ തന്നെയാകാനും ആത്മാര്‍ത്ഥത വിരിയിച്ചവള്‍. കൃഷിവേലയില്‍ അവള്‍ കെങ്കേമിയായി. കുടുംബം കൃഷി വര്‍ധനയോടൊപ്പം ഐശ്വര്യ സമ്മോഹനമായി. 

ഒലാന്‍ തുടരെത്തുടരെ പ്രസവിക്കാനും തുടങ്ങി. നിലങ്ങളും വര്‍ധിച്ചു. കാര്‍ഷികാഭിവൃദ്ധിയുമായി. കാലം അതിന്റെ യാത്ര തുടരവെ, ചൈനയില്‍ ചില ദിക്കുകളില്‍ മഴയില്ലാതെയായി. ഊഷരഭൂമികളില്‍ കഷ്ടനഷ്ടങ്ങളായി. കൃഷിയിടങ്ങളില്‍ സങ്കടങ്ങള്‍ കിളിര്‍ത്തു തുടങ്ങി. ക്ഷാമം അതിന്റെ ധൂര്‍ത്തായി. ജീവിതാവസ്ഥകള്‍ തരിശായതോടെ പിടിച്ചുനില്‍ക്കാനാവാതെ വാങ്‌ലുങും കുടുംബവും ഗതികെട്ട്, കിട്ടിയ വിലയ്ക്ക് വീട്ടുസാമഗ്രികളും വിറ്റ് മറ്റൊരു പട്ടണത്തിലേക്ക് യാത്രയായി. ഒലാനും കുട്ടികളും പട്ടിണിപ്പേക്കോലങ്ങളായി പിച്ചപ്പാത്രം കൈയിലേന്തവെ, പടുതിരി കത്തിയണയാറായ ജീവിതത്തിന്മേല്‍ ഒരിറ്റ് എണ്ണ വീണുകിട്ടിയതുപോലെ ഒരു സംഭവം ഉണ്ടായി. വാങ്‌ലുങ് പണിയറിയാഞ്ഞിട്ടും റിക്ഷാത്തൊഴിലാളിയായി ഒരു വിധം ജീവിതത്തെ മുന്നോട്ടുനീക്കാനാവാതെ കുഴുങ്ങുമ്പോഴായിരുന്നു അത്. കൊട്ടാരക്കെട്ടിലേക്ക് നാട്ടുകാരുടെ പടയോട്ടമുണ്ടായി. പട്ടിണിക്കുമുന്നില്‍ എവിടെയാണ് രാജാധികാരം? എവിടെയാണ് അടിച്ചേല്‍പ്പിക്കപ്പെട്ട നിയമ കര്‍ക്കശതകള്‍? നീതിന്യായങ്ങള്‍… ജനം കൊള്ളക്കിറങ്ങിയപ്പോള്‍ കൂട്ടത്തില്‍ ലുങുമുണ്ടായിരുന്നു. കുറെ വെള്ളി അയാള്‍ക്കു കിട്ടി. ഒലാനുകിട്ടിയത് കൊട്ടാരക്കെട്ടിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന രത്നങ്ങളില്‍ കുറച്ചായിരുന്നു. അവര്‍ സ്വദേശത്തേക്ക് മടങ്ങി. പോരുന്ന വഴിക്ക് പലതരം വിത്തുകളും കൈവശം വാങ്ങിവച്ചു. നഷ്ടപ്രതാപങ്ങള്‍ തിരിച്ചെടുക്കണം. വിത്തിറക്കണം. വിളവൊരുക്കണം. മനസിലേറെ പ്രചോദനവുമായി നാട്ടിലെത്തി കൃഷിവലന്‍മാരായി. പഴയതുപോലെയായി. ചെറിയ വീടു തട്ടി പുതിയതൊന്നു വലിയ മട്ടിലാക്കി. തറവാടിത്തത്തിന്റെ മേല്‍വിലാസത്തിനു നിറമേറ്റാനായി യാങ്‌ലുങ് സുന്ദരിയായ ഒരു വെപ്പാട്ടിയെ കൊണ്ടുവന്നു. പുരുഷ കേന്ദ്രീകൃതമായ ജീവിതചര്യകളിലേക്കുള്ള വഴിയൊരുക്കങ്ങളില്‍ ഒലാന്‍ ഏതാണ്ടൊരു പരിചാരികയുടെ നിശബ്ദപരിഭവമായി മാറി. അതീവ സഹനചാരികയായി. തുടര്‍ന്ന് ഒലാന്‍ രോഗശയ്യയിലുമായി. നിരാശതയുടെ അങ്ങേത്തലയ്ക്കല്‍ വച്ച് അവള്‍ ഭര്‍ത്താവിനോട് ഒടുവിലത്തെ ആഗ്രഹം നിരത്തിയിട്ടു. ഉപരിപഠനത്തിനായി പോയിരിക്കുന്ന മൂത്ത മകനെക്കൊണ്ട് ആ അമ്മയുടെ ഇഷ്ടമനുസരിച്ചുള്ള കല്യാണം നടത്തണം. വാങ്‌ലുങ് അത് സമ്മതിച്ചു. ഒലാന്‍ മരിക്കുകയും ചെയ്തു. അയാളുടെ അച്ഛനും മരിച്ചു. അപ്പോഴേക്കും ലുങ് പിടിപ്പത് കാശുകാരനായി, ഭൂവുടമയായി. ജീവിതസൗകര്യങ്ങള്‍ക്കും ആനന്ദലബ്ധിക്കും ഇനിയെന്തു വേണം? രണ്ടാമത്തെ മകന്റെയും വിവാഹം കഴിഞ്ഞു. ഏറ്റവും ഇളയവനു വീട്ടിലുണ്ടായിരുന്ന അടിമപ്പെണ്ണുങ്ങളില്‍ ഒരുത്തിയോട് പ്രത്യേക ഇംഗിതം പൊട്ടിവീണു. കിഴവനായ ലുങിനും അവളില്‍ വല്ലാത്തൊരു കമ്പം. അവള്‍ക്ക് പ്രിയം കിഴവനോടായിരുന്നു. നിരാശത കയറിയ മകന്‍ വീടുവിട്ടു പട്ടാളത്തില്‍ ചേര്‍ന്നു. കുടുംബം കലഹബാധ്യതയില്‍ ഉലഞ്ഞു. ഏതൊരു കുടുംബത്തിലും പണം അമിതമാവുകയും അല്ലറ ചില്ലറ പൊരുത്തക്കേടുകളും സുഖാസക്തികളും പ്രവാഹമാകുമ്പോള്‍ ഉണ്ടാകുന്ന താളപ്പിഴകള്‍ വാങ്‌ലുങ് കുടുംബത്തിലും കാടിളക്കുമ്പോള്‍ മക്കളുടെ കുട്ടികളുടെയും മറ്റും ബഹളങ്ങളും ഇഷ്ടാനിഷ്ടങ്ങളും ലുങിനെ സങ്കടക്കടലാക്കി. സ്വവീട്ടിലെ അന്യവല്‍ക്കരണം അസഹ്യമായപ്പോള്‍ കിടക്കപ്പൊറുതി കേടില്‍ അയാള്‍ തന്റെ അടിമപ്പെണ്ണിനെയും പൊട്ടിയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു മകളെയും കൊണ്ട് മറ്റൊരു വീട്ടിലേക്ക് മാറി. മണ്ണില്‍ നിന്നും ജീവനാക്കിയ തന്റെ ജീവിതം മണ്ണിലേക്ക് മടങ്ങേണ്ടിവരുന്ന അനിവാര്യത വാങ്‌ലുങില്‍ അസ്വസ്ഥത ഉണ്ടാക്കുമ്പോള്‍ മക്കള്‍ നിലങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. അതൊക്കെ കേട്ട പിതാവ് ഒന്നുകൂടി അവശനായി. പിശുക്കു പിടിച്ചും കുറച്ചൊക്കെ ധര്‍മ്മം വിട്ടും കളിച്ചെടുത്ത സ്വത്തും മറ്റും അന്യാധീനപ്പെടുമല്ലോ എന്ന ആശങ്കയും മണ്ണിനോടൊട്ടിപ്പിടിച്ചു കിടക്കാനുള്ള അഭിനിവേശവും നോവലില്‍ പ്രത്യേകം എടുത്തുപറയുന്നു.

കാര്‍ഷികവൃത്തിക്കും അധ്വാനത്തിന്റെ അന്തസിനും പ്രധാന്യതയേറുന്ന കൃതികള്‍ മറ്റു ചിലതൊക്കെ കൂടിയുണ്ടെങ്കിലും റിയലിസത്തിന്റെ ചുവടുപിടിച്ചു ‘റീസബലിറ്റിയും’ ആങ്സൈറ്റിയും തുടിക്കുന്ന നല്ല ഭൂമി ചൈനീസ് സാംസ്കാരികത്തനിമയാകുമ്പോള്‍ പേള്‍ എസ് ബക്ക് എന്ന അമേരിക്കക്കാരിയെ പിന്നിലേക്ക് ‘റിവേഴ്സ് ഗിയറിലേക്ക് വിടാനാവില്ലല്ലോ. നിരാശതയും നിര്‍ഭാഗ്യവും സമ്മിശ്രമാക്കിയ വാങ്‌ലുങിന്റെ ജീവിതം മണ്ണിലേക്ക് മടങ്ങുമ്പോള്‍ ഒരു ജീവിതവുമായ പൂര്‍ണതയും നെടുവീര്‍പ്പും ആ കഥാപാത്രത്തെ അനശ്വരമാക്കി.

Exit mobile version