Site icon Janayugom Online

നല്ല പെരുമാറ്റങ്ങള്‍

നല്ല പെരുമാറ്റങ്ങള്‍ അല്ലെങ്കില്‍ പൊതു മര്യാദകളെക്കുറിച്ച് കൂട്ടുകാര്‍ ചിലത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ‘Man­ners make the man’ എന്ന് പൊതുവായി ഒരു ചൊല്ല് ഇംഗ്ലീഷിലുണ്ട്. എന്താണതിന്റെ അര്‍ത്ഥം. ‘മനുഷ്യനെ മനുഷ്യനാക്കുന്നത് മര്യാദ നിറഞ്ഞ പെരുമാറ്റങ്ങളാണ്” എന്നാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് മാനേഴ്സ് എന്നറിയപ്പെടുന്ന പെരുമാറ്റ മര്യാദകളാണ്.

അമേരിക്കന്‍ പ്രഥമ പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിങ്ടനെ പൊതു മര്യാദകളുടെ കാര്യത്തില്‍ പലരും മാതൃകയാക്കിയിട്ടുണ്ട്. അദ്ദേഹം തന്റെ കൗമാര പ്രായത്തില്‍ സ്വന്തം നോട്ട്ബുക്കില്‍ നൂറ്റിപ്പത്ത് മര്യാദകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ദി റൂള്‍സ് ഓഫ് സിവിലിറ്റി (The Rules of Civil­i­ty) എന്ന പുസ്തകത്തില്‍ നിന്നുമാണദ്ദേഹം ഇവ പകര്‍ത്തിയിട്ടുള്ളത്. 1595ല്‍ ഫ്രാന്‍സിലെ ജസ്യൂട്ട് സന്യാസിമാരുടെ സംഭാവനയായിരുന്നു ഈ പുസ്തകം. ഇതിലുള്ള പെരുമാറ്റ മര്യാദകള്‍ മുഴുവനും ജോര്‍ജ് വാഷിങ്ടണ്‍ ജീവിതകാലം മുഴുവന്‍ പാലിച്ചിരുന്നു.

മര്യാദ നിറഞ്ഞ പെരുമാറ്റവും ധാര്‍മ്മികബോധവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മോശമായ പെരുമാറ്റരീതികള്‍ ഉള്ളിടത്ത് ഉയര്‍ന്ന തോതിലുള്ള കുറ്റകൃത്യങ്ങള്‍ ഉള്ളതായി സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തില്‍ പാലിക്കേണ്ട ചില മര്യാദകള്‍ താഴെ കുറിക്കാം:-

1. ഒരു ദിവസം തുടങ്ങുമ്പോള്‍ ആദ്യമായി കണ്ടെത്തുന്നവര്‍ തമ്മില്‍ നമസ്തേ എന്നോ ഗുഡ്‌മോണിങ്, ഗുഡ് ഡേ എന്നോ പറയാം.

2. ആരെങ്കിലും ഒരു സഹായം ചെയ്താല്‍ നന്ദി സൂചകമായി Thank you എന്ന് പറയാം.

3. പ്രായമുള്ളവര്‍ കടന്നുവരുമ്പോള്‍ എഴുന്നേല്‍ക്കുക. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുക.

4. സംസാരിക്കുമ്പോള്‍ മാന്യമായ അകലം പാലിക്കുക. തുപ്പലും മറ്റും മുന്നിലുള്ളവരുടെ ശരീരത്തില്‍ തെറിക്കാതെ ശ്രദ്ധിക്കുക.

5. മറ്റുള്ളവര്‍ പ്രത്യേകിച്ചും പ്രായമായവര്‍ ഇരിക്കുമ്പോള്‍ അവരെ മറികടന്നുപോകാതെ ശ്രദ്ധിക്കുക.

6. രണ്ടുപേര്‍ സംസാരിച്ചുനില്‍ക്കെ അവര്‍ക്ക് നടുവിലൂടെ കടന്നുപോകാതിരിക്കുക.

7. മറ്റുള്ളവരുടെ മുന്നില്‍ വച്ച്, പൊതുസ്ഥലങ്ങളില്‍ വച്ച് മൂക്കില്‍ വിരലിടുക, പേന്‍ നോക്കുക, രഹസ്യഭാഗങ്ങളില്‍ ചൊറിയുക… തുടങ്ങിയവ ഒഴിവാക്കുക.

8. പൊതുസ്ഥലങ്ങളില്‍ ചെന്നിരുന്ന് പരസ്യമായി ഭക്ഷണം കഴിക്കുക, റോഡിലൂടെ കൊറിച്ചുകൊണ്ട് നടക്കുക മുതലായവ ഒഴിവാക്കുക.

9. മലമൂത്ര വിസര്‍ജനം പരസ്യമായി നടത്താതിരിക്കുക, അതിനായുള്ള പ്രത്യേക സ്ഥലങ്ങളില്‍ മാത്രം മലമൂത്ര വിസര്‍ജനം ചെയ്യുക.

10. മറ്റൊരാള്‍ എഴുതുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ പിന്നിലൂടെ ചെന്ന് അത് വായിക്കാതിരിക്കുക.

ഇങ്ങനെ ധാരാളം മര്യാദകള്‍ ജീവിതത്തില്‍ പാലിക്കേണ്ടതുണ്ട്. സ്ഥലപരിമിതിമൂലം എല്ലാം എഴതുവാന്‍ കഴിയുന്നില്ല. ഈ മര്യാദകളാണ് നിങ്ങളിലെ വ്യക്തിത്വത്തെ പ്രകാശപൂരിതമാക്കുന്നത്.

Exit mobile version