Site iconSite icon Janayugom Online

നല്ല എഴുത്തിനു വേണ്ടത് വാത്സല്യം: വി മധുസൂദനൻ നായർ

madhusoodanan Nairmadhusoodanan Nair

എഴുത്തിൽ ആദ്യമായും അവസാനമായും വേണ്ടത് വാത്സല്യമാണെന്ന് കവി വി. മധുസൂദനൻ നായർ. വൈലോപ്പിള്ളി സംസ്‌കൃതി ഭവനും പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോത്ര വിഭാഗത്തിലെ സാഹിത്യകാരന്മാരുടെ പുരോഗമന, സര്‍ഗാത്മക, സാഹിത്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രപഞ്ചം എല്ലാവരുടേതുമാണ് എന്ന ഉദാത്തമായ ബോധം എഴുത്തുകാരന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നല്ല എഴുത്തുകാരന് അനുഭവത്തിലൂടെ സമൂഹത്തിന്റെ ഓരോ ഹൃദയതാളവും വിവേചിച്ചറിയാനുള്ള കഴിവുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഉയരും ഞാന്‍ നാടാകെ’ എന്ന പേരില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന ക്യാംപിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അശോകൻ മറയൂരും സാഹിത്യ അക്കാദമി അംഗം സുകുമാരൻ ചാലിഗദ്ദയും അടക്കം ഗോത്ര വിഭാഗക്കാരായ 35ഓളം സാഹിത്യകാരന്മാരാണ് പങ്കെടുക്കുന്നത്. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് ഉദ്ഘാടനചടങ്ങിൽ അധ്യക്ഷനായി. തുടർന്നു നടന്ന ശില്പശാലയിൽ ദൃശ്യ മാധ്യമ രംഗത്തെ ദളിത്, ആദിവാസി കൈയ്യൊപ്പ് എന്ന വിഷയത്തില്‍ കൈരളി ടിവി അസോസിയേറ്റ് ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രനും എഴുത്തിന്റെ ദര്‍ശനം എന്ന വിഷയത്തിൽ കവിയും കഥാകൃത്തുമായ മഞ്ജു വൈഖരിയും സംസാരിച്ചു.
വൈകുന്നേരം സംഘടിപ്പിച്ച ക്യാംപ് ഫയറിന് കവിയും അവതാരകനുമായ ഗിരീഷ് പുലിയൂരും നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടും നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: Good writ­ing requires affec­tion: V Mad­husu­danan Nair

You may like this video also

Exit mobile version