Site iconSite icon Janayugom Online

ഗുഡ്ബൈ വില്യംസണ്‍; അന്താരാഷ്ട്ര ടി20 മതിയാക്കി

ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും തുടരും. അടുത്ത ടി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കേയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ലോകകപ്പിന് മുന്നോടിയായി ടീമിന് കൂടുതൽ വ്യക്തത നൽകുന്നതിനാണ് വിരമിക്കൽ പ്രഖ്യാപനമെന്ന് അദ്ദേഹം അറിയിച്ചു. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്കോററാണ് 35 കാരനായ വില്യംസണ്‍. 33 ശരാശരിയില്‍ 2575 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 18 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടുന്നു. 95 ആണ് ഉയര്‍ന്ന സ്കോര്‍. 

2011ല്‍ ടി20 മത്സരങ്ങള്‍ കളിച്ച് തുടങ്ങിയ വില്യംസണ്‍ 75 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ന്യൂസിലാന്‍ഡിനെ രണ്ട് ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലേക്കും (2016, 2022) ഒരു ഫൈനലിലേക്കും (2021) നയിച്ചു. വളരെക്കാലം ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. ആസ്വദിക്കുകയും ചെയ്തു, ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ വളരെ നന്ദിയുള്ളവനാണെന്ന് വില്യംസണ്‍ പറഞ്ഞു.
ഡിസംബറിൽ വിൻഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ താരം ക്രീസിലെത്തും. ടെസ്റ്റ് മത്സരങ്ങളിൽ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ റൺവേട്ടക്കാരനെന്ന റെക്കാഡും വില്യംസണിന്റെ സ്വന്തമാണ്. 105 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 54.88 ശരാശരിയിൽ 9276 റൺസാണ് താരം നേടിയിരിക്കുന്നത്. 

Exit mobile version