പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഇതേത്തുടർന്ന് നിരവധി ട്രെയിനുകൾ വൈകി.
മംഗലാപുരത്തുനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇന്നലെ രാവിലെ 11.30ന് പള്ളിപ്പുറത്ത് പാളം തെറ്റിയത്. മൂന്നര മണിക്കൂറോളം ഇതുവഴിയുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിടേണ്ടി വന്നു.
രണ്ടു മണിയോടെ ഷൊർണൂരിൽ നിന്നുള്ള എൻജിനീയറിങ് സംഘമെത്തി പാളംതെറ്റിയ ഗുഡ്സ് ട്രെയിൻ ട്രാക്കിലാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തെ തുടർന്ന് ആറ് ട്രെയിനുകൾ പിടിച്ചിടുകയും രണ്ട് ട്രയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ലോകമാന്യ തിലക് കൊച്ചുവേളി എക്സ്പ്രസ്, നിസാമുദ്ദീൻ കൊച്ചുവേളി എക്സ്പ്രസ് എന്നിവ നാല് മണിക്കൂർ വരെ വൈകിയോടി. കോഴിക്കോട് നിന്നും പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട് ‑പാലക്കാട് പാസഞ്ചർ ട്രെയിൻ എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് വരുന്ന പാസഞ്ചർ ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു. പാലക്കാട് നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഷൊർണൂരിൽ നിന്നും മൂന്ന് മണിക്ക് പുറപ്പെട്ടു.

