Site iconSite icon Janayugom Online

ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ — എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തൃശൂർ‑എറണാകുളം പാതയിൽ പുതുക്കാട് ചരക്കുതീവണ്ടി പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശൂർ‑എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റയിൽവേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്താണ് അപകടമുണ്ടായത്. ഇരുമ്പനം ബിപിസിഎല്ലിൽ ഇന്ധനം നിറയ്ക്കാൻ പോയ ചരക്കുതീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലമായതിനാൽ വേഗം കുറച്ചിരുന്നതിനാലും ഇന്ധനമില്ലാത്ത വാഗണായിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. അപകടത്തെ തുടർന്ന് വേണാട് എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു എക്സ്പ്രസ് സ്പെഷ്യൽ, എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ എന്നീ ട്രെയിനുകൾ പൂർണമായി റദ്ദാക്കി.

എറണാകുളം-പാലക്കാട് മെമു എക്സ്പ്രസ് സ്പെഷ്യൽ, നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായും റദ്ദുചെയ്തു. കേരള എക്സ്പ്രസ്, ജനശതാബ്ദി, ഇന്റർ സിറ്റി തുടങ്ങിയ ട്രെയിനുകൾ മണിക്കൂറുകള്‍ വൈകി. അപകടം നടന്നയുടൻ തന്നെ റയിൽവേ അധികൃതരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഒരു പാളത്തിലൂടെയുള്ള ഗതാഗതം സാധ്യമാക്കി. ആദ്യം തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെ‍യിനുകൾ വേഗത കുറച്ച് കടത്തിവിട്ടു. റയില്‍വേ എന്‍ജിനീയറിങ് വിഭാഗം അറ്റകുറ്റപ്പണി വേഗത്തില്‍ തീര്‍ക്കാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും ഭാഗികമായ ഗതാഗത നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത.

Eng­lish  summary;Goods train derailed

you may also like this video;

Exit mobile version