Site iconSite icon Janayugom Online

ഗോപകുമാറിന്റെ മധുര വിപ്ലവം…3000 ബ്രീഡിങ് യൂണിറ്റ്, വര്‍ഷം 20,000 ടണ്‍ തേന്‍ ഉല്പാദനം

തേനീച്ച എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും പേടി തോന്നും. പക്ഷെ പേടിയൊക്കെ മാറ്റിവച്ച് അല്പം ക്ഷമ കൂടി ഉണ്ടെങ്കില്‍ ആര്‍ക്കും നല്ലൊരു തേനീച്ച കര്‍ഷകനാകാമെന്ന് പറയുകയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി ഗോപകുമാര്‍. വിദേശത്ത് ശരാശരി 200 കിലോ ഉല്പാദനം ലഭിക്കുന്ന കാര്‍ണിയോളന്‍ എന്ന ഇറ്റാലിയന്‍ ബ്രീ‍ഡ് മുതല്‍ ഇന്ത്യന്‍, ചെറുതേന്‍ എന്നിവയുടെ ബ്രീഡിങ്ങും ഉള്ള ഇദ്ദേഹം ഒരു മികച്ച തേനീച്ച കര്‍ഷകനാണ്. കേരളത്തില്‍ അത്ര കണ്ട് പരിചിതമല്ലാത്ത ഇറ്റാലിയന്‍ ബ്രീഡ് കൊല്ലത്ത് എത്തിച്ച് മികച്ച ഉല്പാദനം നേടാന്‍ കഴിയുമെന്നും തെളിയിച്ചു. ബീ ഈറ്റര്‍ എന്ന ദേശാടനപക്ഷി ഇറ്റാലിയന്‍ ബ്രീഡിനെ തിന്നുന്നതിനാലാണ് കേരളത്തിലെ കര്‍ഷകര്‍ ഇതിലേക്ക് തിരിയാത്തെന്ന് ഗോപകുമാര്‍ പറയുന്നു. കേരളത്തില്‍ നിലവില്‍ ശരാശരി 50 കിലോ വരെ ഉല്പാദനം ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇവിടെ വന്‍തോതില്‍ കാര്‍ണിയോളന്‍ കൃഷി ചെയ്ത് ദേശാടനപക്ഷിയുടെ വരവിന്റെ സമയത്ത് തമിഴ‌്നാട്ടിലേക്ക് ഇവയെ മാറ്റാനാണ് ഗോപകുമാറിന്റെ തീരുമാനം. 

ഹോര്‍ട്ടികോര്‍പ്പിന്റെ അംഗീകൃത ബ്രീഡര്‍ കൂടിയായ ഈ കര്‍ഷകന്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി പത്തോളം പഞ്ചായത്തുകളില്‍ തേനീച്ച കൃഷി ചെയ്യുന്നുണ്ട്. 3000 ത്തോളം തേനീച്ചകൂടുകളിലാണ് കൃഷി. സഹായത്തിന് പതിനഞ്ച് ജോലിക്കാരുമുണ്ട്. ഒരു വര്‍ഷം പത്ത് മുതല്‍ 20 കിലോ വരെ ഉല്പാദനം ലഭിക്കുന്ന എപ്പിസെറാന ഇന്റിക്ക എന്ന ഇന്ത്യന്‍ തേനീച്ചയും ഔഷധ മൂല്യമുള്ള ചെറുതേനിന്റെ ഉല്പാദനവും ഗോപകുമാറിന്റെ കൃഷിയിടത്തിലുണ്ട്.
കഴിഞ്ഞ 32 വര്‍ഷമായി തേനീച്ച കൃഷി ചെയ്യുന്ന ഗോപകുമാറിന് 2019ല്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അഗ്മാര്‍ക്ക് ഏജന്‍സികള്‍ക്കും പൊതുവിപണിയിലും ഉള്‍പ്പെടെയുള്ള ഒരു വര്‍ഷം 20,000 ടണ്‍ തേന്‍ ആണ് വില്‍ക്കുന്നത്.

ഹോര്‍ട്ടികോര്‍പ്പ് സംഘടിപ്പിക്കുന്ന ട്രെയിനിങ്ങുകളില്‍ ക്ലാസെടുക്കാറുള്ള ഗോപകുമാര്‍ തേനീച്ച കൂടുകള്‍ ഹോര്‍ട്ടികോര്‍പ്പിനും കര്‍ഷകര്‍ക്കും നല്‍കാറുമുണ്ട്. തേനീച്ച കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമായ പരിശീലനവും ഇദ്ദേഹം നല്‍കുന്നുണ്ട്. ആര്‍എസ്ജി ബീ കീപ്പിങ് ട്രെയിനിങ് സെന്റര്‍ എന്ന പേരില്‍ കടക്കലാണ് ഗോപകുമാറിന്റെ സ്ഥാപനം. ഹോര്‍ട്ടികോര്‍പ്പ് പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന തേന്‍ മഹോത്സവം മേളയിലും ഗോപകുമാറിന്റെ സ്റ്റാളുണ്ട്.

Eng­lish Summary;Gopakumar’s sweet revolution…3000 breed­ing units, 20,000 tonnes of hon­ey pro­duc­tion per year

You may also like this video

Exit mobile version