Site iconSite icon Janayugom Online

ചൊല്‍പ്പടി ഗോപിക്ക് അവധി നല്‍കണം!

അങ്കത്തട്ടില്‍ പൊരുതാതെ കാലിടറി വിഴുന്ന പടയാളി നിലത്തുകിടന്ന് പലതും പുലമ്പാറുണ്ടെന്ന് പറയാറുണ്ട്. ആ ജല്പനങ്ങളില്‍ ദെെന്യതയാണുണ്ടാവുക. പണ്ടൊരിക്കല്‍ കേട്ട കഥയാണ്. കൊല്ലത്ത് കടപ്പാക്കടയില്‍ ഇമാം ബക്സ് എന്ന ഗുസ്തിക്കാരന്‍ വരുന്നു. തനി പഞ്ചാബി മുസ്ലിം. ഇമാം ബക്സിനോട് ഗുസ്തിപിടിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ ചാത്തന്നൂര്‍കാരന്‍ ഡ്രെെവര്‍ സുകുമാരനെ രംഗത്തിറക്കുന്നു. മത്സരത്തിന് മുമ്പുള്ള തയ്യാറെടുപ്പ്. സുകുമാരന്‍ ഫയല്‍വാന് ഭക്ഷണമായി പ്രതിദിനം രണ്ടുകുല നേന്ത്രപ്പഴം. അറുപത് താറാമുട്ട, മൂന്നുകിലോ ആട്ടിറച്ചി, ഒരു വാര്‍പ്പ് ചോറ്, അതിനൊത്ത കറികള്‍. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പിരിവെടുത്ത് ഊട്ടിച്ചതോടെ സുകുമാരന്‍ ഒരു ഭീമനായി. മത്സരദിവസം ആശ്രാമം മെെതാനത്തിലെ ഗോദയ്ക്ക് ചുറ്റും ആയിരങ്ങള്‍. ഇമാം ബക്സിനു വേണ്ടി ആര്‍പ്പുവിളിക്കാന്‍ കിളികൊല്ലൂരിലെയും ര­ണ്ടാംകുറ്റിയിലേയും മുസ്ലിം സഹോദരങ്ങള്‍. സഹപ്രവര്‍ത്തകന്‍ സുകുമാരനു വേണ്ടി ഉശിരന്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍. ഫയല്‍വാന്മാര്‍ ഇരുവരും മല്ലടിച്ചു ഗോദയില്‍. പരസ്പരം ഉന്തിനോക്കി. തടിയന്‍ സുകുമാരന്റെ ഒറ്റത്തള്ളലില്‍ ഇമാം ബക്സ് പിന്നോക്കം തെറിച്ച് ഗോദവളപ്പിലെ കയറില്‍ മുട്ടി. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ ആര്‍ത്തുവിളിച്ചു, ‘അവനെ തൂക്കിയടിയെടാ സുകുമാരാ, കൊല്ലെടാ’… മുന്നോട്ടാഞ്ഞു വന്ന ഇമാം ബക്സ് സുകുമാരനെ ഹസ്തദാനം ചെയ്തിട്ട് കെെവിരലുകളില്‍ തൂക്കി നിലത്തടിച്ചു. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ അലറി, ‘അടിയല്ലാ, അടിയല്ലാ.’ പിന്നെയും തൂക്കിയടി. മൂന്നാമതും സുകുമാരന്‍ ഫയല്‍വാനെ ഇമാം ബക്സ് തൂക്കിയടിച്ചപ്പോഴും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ പ്രതിഷേധം. മൂന്നാമത്തെ അടിയില്‍ മലമൂത്ര വിസര്‍ജനം പോലും നടന്നതോടെ സഹപ്രവര്‍ത്തകരെ നോക്കി തെറിവിളിച്ചുകൊണ്ട് സുകുമാരന്‍ ദയനീയമായി പറഞ്ഞു, ‘ഇവന്മാര്‍ എന്നെ കൊല്ലിച്ചേ അടങ്ങൂ’.

ഇതുപോലെയായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെയും കഥ. വോട്ടെടുപ്പ് കഴിഞ്ഞു. ഫലം വരാന്‍ ഇനിയുമുണ്ട് ഒരു മാസക്കാലം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ തൂക്കിയടിച്ചുവെന്ന് ഉറപ്പായിട്ടും നിലത്ത് ലങ്കോട്ടിയഴിഞ്ഞു കിടക്കുന്ന ഗോപിയുടെ മുഖത്ത് ദെെന്യതയല്ല അഹങ്കാരമാണ് തുടിക്കുന്നത്. അണികള്‍ ‘അടിയല്ല, അടിയല്ല’ എന്ന് ആരവമുയര്‍ത്തുമ്പോള്‍ അദ്ദേഹം പറയുന്നു, ‘മുകളില്‍ നിന്ന് ഒരാള്‍ ഇതെല്ലാം കാണുന്നുവെന്ന്’. പിന്നെയങ്ങോട്ട് അഹങ്കാരത്തിന്റെ മാലപ്പടക്കം. ഞാന്‍ കേന്ദ്രമന്ത്രിയായില്ലെങ്കിലും എന്റെ ചൊല്പടിക്ക് നില്‍ക്കുന്ന അഞ്ച് കേന്ദ്രമന്ത്രിമാരെ വിട്ടുതരണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടത്രെ. പ്രതിരോധ മന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി അഞ്ച് മന്ത്രിപുംഗവന്മാരെ. അതായത് താന്‍ ജയിച്ചാല്‍ പട്ടാളത്തെയും കേന്ദ്രസേനയെയും കേരളത്തിലിറക്കി മലയാളികളെയാകെ ഒലത്തിക്കളയുമെന്ന്. പരാജയത്തിന്റെ വീഴ്ചയില്‍ സുരേഷ് ഗോപിയുടെ തലച്ചോറിന് എന്തെങ്കിലും ക്ഷതം പറ്റിയിട്ടുണ്ടോ എന്ന് സംശയം.

ഇതുപോലെ തന്നെ സ്വപ്നത്തിലെ കേന്ദ്രമന്ത്രിമാര്‍ ഇനിയും അനവധി. തിരുവനന്തപുരത്തെ രാജീവ് ചന്ദ്രശേഖര്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രിയായാലും തിരുവനന്തപുരത്ത് താന്‍ ഒരു ഓഫിസ് തുറന്ന് ജനങ്ങളെ സേവിക്കുമെന്നാണ് മോഹനവാഗ്ദാനം. 18 വര്‍ഷം കര്‍ണാടകയില്‍ നിന്ന് രാജ്യസഭാംഗമായിരുന്നിട്ട് അവിടെ കാല്‍ക്കാശിന്റെ വികസനം നടത്താത്ത മഹാനാണ് അനന്തപുരിയെ എടുത്ത് മറിക്കാന്‍ പോകുന്നത്. പരാജയത്തിന് മുന്നോടിയായി എവിടെയോ ഒരു ആണി ഊരിപ്പോയോ. മൂന്നാം സ്ഥാനത്തെത്തുമെന്നുറപ്പായ ആലപ്പുഴയിലെ ബിജെപി തമ്പേറടിക്കാരി ശോഭാ സുരേന്ദ്രനാകട്ടെ ആലപ്പുഴയ്ക്ക് ഒരു കേന്ദ്ര വനിതാ മന്ത്രിയെന്ന ബോര്‍ഡ് വച്ചായിരുന്നു പ്രചാരണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്നത് മറ്റൊരു വിഷയം. എന്തിന് ആലപ്പുഴയില്‍ എംപി ഓഫിസ് തന്നെ തുറന്നുകഴിഞ്ഞു. താന്‍ കേന്ദ്രമന്ത്രിയാകുമെന്നും ആറ്റിങ്ങലിനെ സ്വര്‍ഗമാക്കുമെന്നും വി മുരളീധരന്‍. വയനാട്ടില്‍ താന്‍ ജയിച്ചാലും തോറ്റാലും കേന്ദ്രമന്ത്രിയാകുമെന്ന് കുന്നുമ്മല്‍ സുരേന്ദ്രന്‍ എന്ന ഗണപതിവട്ടം സുരേന്ദ്രന്‍. തോറ്റാല്‍ ഗണപതിവട്ടമല്ല കുതിരവട്ടം സുരേന്ദ്രനാകുമെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹവും ചമയുന്നു കേന്ദ്രമന്ത്രിയെന്ന്. ചുരുക്കത്തില്‍ കേരളത്തില്‍ കേന്ദ്രമന്ത്രിമാരെ തട്ടാതെ മുട്ടാതെ നടക്കാന്‍ വയ്യെന്ന സ്ഥിതി. മോഡിക്ക് മൂന്നാം വരവില്ലെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് കേരളത്തില്‍ ഈ കേന്ദ്രമന്ത്രിമാരുടെ മേളപ്പെരുക്കമെന്ന കൗതുകം വേറെ.
നിയമവാഴ്ചയും ഭരണഘടനയും തകര്‍ന്നുവീഴുന്ന ഭീകരദൃശ്യങ്ങള്‍ക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ നമ്മുടെ മഹത്തായ രാജ്യം സാക്ഷ്യം വഹിച്ചതെന്ന ക്രൂരസത്യം നമ്മെ ഭയവിഹ്വലരാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയാകെ മോഡി തന്റെ കാല്‍ക്കീഴിലിട്ട് ചവിട്ടിമെതിക്കുന്നു. പെരുമാറ്റച്ചട്ടലംഘനം മോഡിയുടെ മാത്രം കുത്തകയാകുന്നു. ആത്മവഞ്ചനയ്ക്ക് പോലും ശിക്ഷയില്ലാത്ത മോഡിയുഗം. കോണ്‍ഗ്രസുകാര്‍ ഹിന്ദുക്കളുടെ കെട്ടുതാലികളും ഭൂസ്വത്തും പിടിച്ചെടുത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പോകുന്നുവെന്ന മോഡിയുടെ ജീര്‍ണമായ വിദ്വേഷ പ്രചാരണത്തിനും കലാപാഹ്വാനത്തിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനോ, കോടതിയോ കേസെടുക്കാതെ കണ്ണുംപൂട്ടിയിരിപ്പാണ്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ കഴിയുന്ന മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് മോഡി അധിക്ഷേപിച്ചിട്ടും ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ഉരിയാട്ടമില്ല. ശ്രീനിവാസന്‍ ജെയിന്‍, മറിയം അലവി, സുപ്രിയ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ലവ് ജിഹാദും മറ്റ് സാങ്കല്പിക കഥകളും’ എന്ന ഗ്രന്ഥത്തില്‍ 2017 മുതല്‍ മോഡി തുടങ്ങിയതാണ് ഈ മുസ്ലിം വിദ്വേഷ പ്രചാരണം എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നതിനര്‍ത്ഥം ഭരണഘടനാസ്ഥാപനങ്ങള്‍ മോഡിയെ ഇത്രനാളും കയറൂരി വിട്ടിരിക്കുന്നുവെന്നല്ലേ? പട്ടിണിമൂലം 100 കുഞ്ഞുങ്ങളില്‍ ആറുപേര്‍ അഞ്ച് വയസെത്തും മുമ്പ് മരിച്ചുവീഴുന്ന യുപിയില്‍ മോഡിയുടെ വിഷയം ദാരിദ്ര്യനിര്‍മ്മാര്‍ജനമല്ല, മുസ്ലിം നിര്‍മ്മാര്‍ജനമാണ്. എന്തൊരു വിരോധാഭാസം. എല്ലാപേരുടെയും പ്രധാനമന്ത്രിയാണ് മോഡി. പക്ഷെ സംഘ്പരിവാരത്തിന്റെ മാത്രം പ്രധാനമന്ത്രിയായി പാതാളത്തോളം താഴുന്നതിലും കോടതികള്‍ക്ക് മിണ്ടാട്ടമില്ല. ഈ വിദ്വേഷ പ്രസംഗത്തിന്റെ അലകള്‍ പ്രബുദ്ധ കേരളത്തിലും അലയടിക്കുന്നു. മലബാറിലെ ഒരു മുസ്ലിം പള്ളിയുടെ ഭൂഗര്‍ഭത്തില്‍ ഹിന്ദു വിഗ്രഹമുണ്ടെന്നു പറഞ്ഞ് പള്ളി നവീകരണം നിര്‍ത്തിവയ്പിച്ചിരിക്കുന്നു. പ്രസിദ്ധമായ അര്‍ത്തുങ്കല്‍പ്പള്ളി ശിവക്ഷേത്രമാണെന്ന വാദവുമായും ചിലരെത്തിയിരിക്കുന്നു. അരികെയെത്തിയ ആപത്തിനെതിരെ നാം കരുതിയിരിക്കുക. 

Exit mobile version