Site iconSite icon Janayugom Online

മട വീഴ്ചയെ തുടർന്ന് വീട് നഷ്ട്ടപ്പെട്ട ഗോപിക്കുട്ടന് വീടും സ്ഥലവും ലഭ്യമാക്കും

കഴിഞ്ഞ ദിവസം കൈനകിരിയിൽ മടവീഴ്ച ഉണ്ടായതോടെ വീട് ഒലിച്ചുപോയ ഗോപിക്കുട്ടന് സുരക്ഷിത സ്ഥാനത്ത് സ്ഥലവും വീടും ലഭ്യമാക്കാൻ സാർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് ജില്ല കളക്ടർ ഹരിത വി കുമാർ പറഞ്ഞു. കുട്ടനാട്ടിലെ മടവീണ പ്രദേശങ്ങൾ കളക്ടർ തിങ്കളാഴ്ച സന്ദർശിച്ചു. ചെറുകായൽ പാടശേഖരത്തിലാണ് മടവീണത്. കുട്ടനാട്ടിലെ ഏറ്റവും കൂടുതൽ കൃഷി നടക്കുന്ന പാടമാണ് ചെറുകായൽ പാടശേഖരം. ഇതിന് സമീപത്തെ 484 ഏക്കറിലെ ആറുപങ്ക് പാടശേഖരവും വെള്ളത്തിനടിയിലാണ്. പാടശേഖരങ്ങളുടെ പുറം ബണ്ഡിലായി 250 കുടുംബങ്ങളാണ് താമസിക്കുന്നത്.

പ്രദേശവാസികളെ താമസിപ്പിച്ചിരിക്കുന്ന സെന്റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും കളക്ടർ സന്ദർശിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി എബ്രഹാം, കുട്ടനാട് തഹസിൽദാർ എസ് അൻവർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത മനു, പഞ്ചായത്ത് അംഗം എ ഡി ആന്റണി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി രാജീവ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടെപ്പം ഉണ്ടായിരുന്നു.

Exit mobile version