ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2007ലെ ഗോരഖ്പൂര്‍ കലാപത്തില്‍ ആദിത്യനാഥിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകൻ പര്‍വേസ് പര്‍വാസിക്കെതിരെയാണ് നടപടി.
നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ കേസില്‍ വീണ്ടും ഹര്‍ജിയുമായി എത്തിയത് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ഹര്‍ജിക്കാരന് പിഴ ചുമത്തിയത്. പിഴത്തുക നാലാഴ്ച്ചക്കകം സൈനിക ക്ഷേമ ഫണ്ടിലേക്ക് അടയ്ക്കാനും കോടതി ഉത്തരവിട്ടു.
2007ല്‍ ജനുവരിയിലുണ്ടായ ഒരു കൊലപാതകമാണ് ഗോരഖ്പൂരില്‍ വലിയ കലാപമായി മാറിയത്. അന്ന് ഗോരഖ്പൂരിലെ പാര്‍ലമെന്റ് അംഗമായിരുന്നു ആദിത്യനാഥ്. കൊലപാതകത്തെ കുറിച്ച് നടത്തിയ ആദിത്യനാഥിന്റെ പ്രകോപനപരമായ പ്രസംഗം വലിയ കലാപമായി മാറിയെന്നാണ് ഹര്‍ജി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ പര്‍വേസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ വാദം കോടതികള്‍ തള്ളി.
പിഴതുക അടയ്ക്കാത്തപക്ഷം ഹര്‍ജിക്കാരന്റെ എസ്റ്റേറ്റുകളില്‍ നിന്നോ ആസ്തികളില്‍ നിന്നോ ഉളള വരുമാനത്തില്‍ നിന്ന് ഇത് പിടിക്കുമെന്ന് കോടതി വ്യക്തമാക്കി. ‘2007 മുതല്‍ കേസ് നടത്തുന്നയാളാണ് മാധ്യമപ്രവര്‍ത്തകനായ ഹര്‍ജിക്കാരന്‍. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ കേസ് നടത്തുന്നയാൾക്ക് ഒരു ലക്ഷം രൂപ പിഴ വലിയ കാര്യമല്ലെന്നും’ കോടതി വ്യക്തമാക്കി.
English Summary: Gorakhpur riot case: Man fined over repeated petitions against Adityanath
You may also like this video