2007ൽ ഗോരഖ്പൂരിൽ നടന്ന വർഗീയ കലാപത്തിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷമീമിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി പൊലീസ്. ജാമ്യം ലഭിച്ചതിന് ശേഷം 16 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഷമീമിനെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അതേസമയം സുരക്ഷാ കാരണങ്ങളാൽ കൂടുതല്‍ വിവരങ്ങൾ പൊലീസ് പങ്കുവച്ചില്ല.
2007 ജനുവരിയിൽ കോട്വാലി പ്രദേശത്ത് മുഹറം ഘോഷയാത്രയ്ക്കിടെ ഹിന്ദു യുവാവ് മരിച്ചതിനുപിന്നാലെയാണ് ഇവിടെ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് ഗോരഖ്പൂരിൽ നിന്നുള്ള എംപിയായിരുന്നു. ഷമിയും കൂട്ടാളികളും ആക്രമിച്ചതിനെത്തുടർന്നാണ് കോട്വാലി പ്രദേശവാസിയായ രാജ്കുമാർ അഗ്രഹാരി മരിച്ചത്.
സംഭവത്തിന് ശേഷം അഗ്രഹാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളായ ഷമിമിനെയും പിതാവിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായും കോട്വാലി സർക്കിൾ ഓഫീസർ (സിഒ) അനുരാഗ് സിംഗ് പറഞ്ഞു.
2007 ഓഗസ്റ്റിൽ ജാമ്യം ലഭിച്ചതിനുപിന്നാലെ ഷമി ഒളിവിൽ പോയി. 2012 ൽ കോടതി ഷമിയെയും പിതാവ് ഷഫീഖുള്ളയെയും കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സംഭവം നടന്ന് 16 വർഷത്തിന് ശേഷം തിങ്കളാഴ്ചയാണ് ഷമിം അറസ്റ്റിലായതെന്ന് സിഒ പറഞ്ഞു.
2007ൽ ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ ഷമി ചെന്നൈയിലേക്ക് പോയതായി അന്വേഷണത്തിൽ വ്യക്തമായതായി സിംഗ് പറഞ്ഞു.
ഗോരഖ്പൂരിൽ തിരിച്ചെത്തി കോട്വാലി മേഖലയിലെ നിസാമ്പൂരിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോള്‍ ഇയാളുടെ ഒളിത്താവളത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് സിഒ പറഞ്ഞു. ഷമിയുടെ പിതാവ് ഷഫീഖുള്ള ജയിലിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Gorakhpur riots prime suspect arrested after 16 years
You may also like this video