Site iconSite icon Janayugom Online

ഗോരക്ഷാ കൂട്ടക്കൊലപാതകം: വിചിത്ര കുറ്റപത്രവുമായി പൊലീസ്

ഗോരക്ഷകരുടെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ വിചിത്രമായ കുറ്റപത്രവുമായി പൊലീസ്. ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിൽ പശുക്കടത്ത് ആരോപിക്കപ്പെട്ട മൂന്ന് മുസ്ലിം യുവാക്കള്‍ പാലത്തിൽനിന്ന് സ്വയം താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു, ഈ മാസം എട്ടിനാണ് റായ്പൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കന്നുകാലികളുമായി എത്തിയ ഇവരെ കാറുകളിലെത്തിയ അഞ്ചംഗ സംഘം പിന്തുടരുന്നതിനിടെ പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

ജൂണ്‍ ഏഴിനാണ് കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ഗുഡ്ഡു ഖാൻ (35), ചാന്ദ് മിയാ ഖാൻ (23) എന്നിവരെ സംശയാസ്പദമായ സാഹചര്യത്തിൽ മഹാനദി പാലത്തിന് അടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുക്കളുമായി എത്തിയ ട്രക്ക് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന അനുയായി സദ്ദാം ഖുറേഷി ജൂൺ 18ന് റായ്പൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ ഇവരെ ആക്രമിച്ച അജ്ഞാത സംഘത്തിനെതിരെ അറംഗ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ഖുറേഷിയുടെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക ശ്രമമോ, പരിക്കുകളോ ഇല്ലെന്ന് കാണിച്ച് കേസ് ഒഴിവാക്കി.
പിന്നീട് ഇവരുടെ സുഹൃത്തായ ഷുഹൈബിന്റെ പരാതിയില്‍ റായ്പൂര്‍ അഡീഷണല്‍ സൂപ്രണ്ട് കിര്‍ട്ടണ്‍ റാത്തോറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതികള്‍ പിന്തുടര്‍ന്നതിനാല്‍ ജീവൻ രക്ഷിക്കാൻ മൂവരും മനപ്പൂര്‍വം നദിയിലേക്ക് ചാടിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മഹാസമുന്ദിൽ നിന്ന് അറംഗിലേക്ക് കന്നുകാലികളെ കൊണ്ടുപോകുമ്പോഴാണ് പശുക്കടത്ത് ആരോപിച്ച് കാറുകളിലെത്തിയ സംഘം ഇവരെ ആക്രമിച്ചത്. 53 കിലോമീറ്ററോളം ട്രക്കിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച ഇവർ പാറക്കല്ലുകൾ കൊണ്ട് വാഹനത്തിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു. ആക്രമണത്തെ തുടർന്ന് ഗുഡ്ഡു ഖാനും കൂടെയുള്ളവരും മഹാനദിക്ക് കുറുകെയുള്ള പാലത്തിന് ട്രക്ക് നിർത്തി രക്ഷപ്പെടാനായി താഴേക്ക് ചാടുകയായിരുന്നു-കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം പൊലീസ് കളവ് പറയുകയാണെന്ന് ഷുഹൈബ് ഖാൻ പറഞ്ഞു. തന്റെ മൊഴി അനുസരിച്ചാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പിന്നീട് അത് തിരുത്തുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷുഹൈബ് പറഞ്ഞു. 

Eng­lish sum­ma­ry ; Gorak­sha mas­sacre: Police with strange charge sheet

You may also like this video

Exit mobile version