സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതോടെ നാടുവിട്ട ശ്രീലങ്കന്‍ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സെ ഈ മാസം 24ന് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ആദ്യം മാലദ്വീപിലും തുടർന്ന് സിംഗപ്പൂരിലും അഭയംതേടിയ ഗോതബയ അവിടെയും വിസ കാലാവധി അവസാനിച്ചതിനെത്തുടർന്ന് തായ്‍ലൻഡിലെത്തിയിരുന്നു. ഇവിടെ നിന്നാണ് ശ്രീലങ്കയിലേക്ക് മടങ്ങുന്നത്. രാജപക്സെയുമായി ബന്ധമുള്ള റഷ്യയിലെ മുൻ ശ്രീലങ്കൻ പ്രതിനിധി ഉദയംഗ വീരതുംഗയാണ് ഗോതബയയുടെ മടക്കം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ശ്രീലങ്ക വിട്ടതിന് ശേഷം രാജപക്സെ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്തിതിരുന്നില്ല.
എന്നാല്‍ രാജപക്സെ ഉടനെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുന്നത് ഒഴിവാക്കണമെന്ന് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു. ഗോതബയ മടങ്ങിവരാനുള്ള സമയമാണിതെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു റെനില്‍ വിക്രമസിംഗെയുടെ പ്രതികരണം. ശ്രീലങ്കൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു തായ്‍ലന്‍ഡ് സര്‍ക്കാര്‍ ഗോതബയയ്ക്ക് വിസ അനുവദിച്ചത്. നയതന്ത്ര പാസ്പോർട്ടിലായതിനാൽ 90 ദിവസംവരെ ഇവിടെ തുടരാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയ അഭയം തേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തായ്‍ലൻഡ് സർക്കാർ നിഷേധിച്ചു.
അതിനിടെ, ഗോതബയ വിദേശ രാജ്യങ്ങളിൽ മാറിത്താമസിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നതോടെ വിശദീകരണവുമായി ശ്രീലങ്കന്‍ സർക്കാർ രംഗത്തെത്തി. വിദേശത്തെ താമസത്തിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നില്ലെന്നും എല്ലാം സ്വന്തം ചെലവിലാണെന്നും സർക്കാർ വ്യക്തമാക്കി.
English Summary: Gotabaya Rajapakse will arrive in Sri Lanka on 24th
You may also like this video