Site iconSite icon Janayugom Online

ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാരുമായി ഓസ്ട്രേലിയയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റു

ഓസ്ട്രേലിയയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാരുള്‍പ്പെട്ട മന്ത്രിസഭ അധികാരമേറ്റു. ആന്റണി അല്‍ബനീസിന്റെ 23 അംഗ സര്‍ക്കാരില്‍ 10 മന്ത്രിമാര്‍ വനിതകളാണ്. സ്‍കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള മുൻ ലിബറൽ‑നാഷണൽ സഖ്യ സർക്കാരില്‍ ഏഴ് വനിതകള്‍ മാത്രമാണുണ്ടായിരുന്നത്.

ദേശീയ തലസ്ഥാനമായ കാൻബറയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി എഡ് ഹുസിക്കും യുവജന മന്ത്രി ആനി അലിയും ഓസ്‌ട്രേലിയയിലെ ആദ്യത്തെ മുസ്‍ലീം ഫെഡറൽ മന്ത്രിമാരായി ചുമതലയേറ്റു. ലിൻഡ ബർണി, ഫെഡറല്‍ മന്ത്രിസ്ഥാനം വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിതയെന്ന ചരിത്രവും സൃഷ്ടിച്ചു.

മെയ് 21 ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ടോക്യോയില്‍ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ നാല് അംഗങ്ങളെ ഉള്‍പ്പെടുത്തി അല്‍ബനീസ് ഇടക്കാല മന്ത്രിസഭ രൂപീകരിച്ചിരുന്നു. ഇടക്കാല മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന റിച്ചാര്‍ഡ് മാര്‍ലെസാണ് പ്രതിരോധമന്ത്രി.

ഡോൺ ഫാരെൽ വ്യാപാര മന്ത്രിയായും തന്യ പ്ലിബർസെക്ക് പരിസ്ഥിതി, ക്ലെയർ ഒ നീൽ ആഭ്യന്തരം, ക്രിസ് ബോവൻ ഊർജ്ജം എന്നീ വകുപ്പുകളുടെയും ചുമതല ഏറ്റെടുത്തു. മുൻ തൊഴിലാളി നേതാവ് ബിൽ ഷോർട്ടൻ സേവന മന്ത്രിയാകും. 151 സീറ്റുകളുള്ള അധോസഭയിൽ 77 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് അല്‍ബനീസ് സര്‍ക്കാര്‍ രൂപീകരിച്ചത്.

Eng­lish summary;government came to pow­er in Aus­tralia with the largest num­ber of women ministers

You may also like this video;

Exit mobile version