Site iconSite icon Janayugom Online

സര്‍ക്കാര്‍ കരാറുകള്‍ ഇനി വിദേശ സ്ഥാപനങ്ങള്‍ക്ക്

മോഡിയുടെ അമേരിക്കന്‍ പ്രീണനം സര്‍ക്കാര്‍ കരാറുകളിലേക്കും നീളുന്നു. രാജ്യത്തെ പൊതു സംഭരണ മേഖലയിലെ ലേല നടപടികളില്‍ വിദേശ നിക്ഷേപകര്‍ക്കും കേന്ദ്രം അവസരം നല്‍കിയേക്കും. യുകെ, യുഎസ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തിലാണ് നീക്കം. യുകെയുമായുള്ള വ്യാപാര കരാര്‍ അനുസരിച്ച് അവിടുത്തെ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് വാഗ്ദാനം നല്‍കി. താമസിയാതെ മറ്റ് സൗഹൃദ രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. യുഎസുമായുള്ള വ്യാപാരകരാറിന്റെ ചര്‍ച്ച നടക്കുകയാണ്. 50 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കരാറുകള്‍ക്കായി ലേലം വിളിക്കാന്‍ യുഎസ് സ്ഥാപനങ്ങളെ അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.അടിസ്ഥാന സൗകര്യ മേഖലയിലെ റോഡ്, റെയില്‍, ഗതാഗതം. പ്രതിരോധ‑വ്യോമ മേഖല, ആരോഗ്യം തുടങ്ങിയ പൊതു മേഖലയിലേക്കാണ് വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര കമ്പനികള്‍ക്കും മാത്രമായി പരിമിതിപ്പെടുത്തിയിരുന്ന കരാറുകള്‍ക്കായി ഇനി മുതല്‍ യുകെ, യുഎസ് കമ്പനികള്‍ക്ക് പങ്കെടുക്കാം. അതുപോലെ ഈ രാജ്യങ്ങളിലെ പൊതുമേഖലയിലെ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും അവസരം ലഭിക്കും. 

കേന്ദ്ര‑സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഒരു വര്‍ഷം 700 മുതല്‍ 750 ബില്യണ്‍ ഡോളര്‍ വരെ പൊതുസംഭരണത്തിനായി ചെലവിടുന്നു. ഇതില്‍ ഭൂരിഭാഗവും ആഭ്യന്തര സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. 25 ശതമാനം ചെറുകിട വ്യാപാരത്തിനായി മാറ്റിവച്ചിരിക്കുന്നു. ഇന്ത്യയില്‍ വിതരണക്കാരില്ലെങ്കില്‍ റെയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകള്‍ക്ക് വിദേശ വിതരണക്കാരെ ആശ്രയിക്കാം. നേരത്തെ ചെറുകിട ബിസിനസുകള്‍ സംരക്ഷിക്കേണ്ട ആവശ്യകത ഉയര്‍ത്തിപ്പിടിച്ച്, ലോക വ്യാപാര സംഘടനയുടെ സര്‍ക്കാര്‍ സംഭരണ കരാറില്‍ ചേരുന്നതിനെ ഇന്ത്യ വളരെക്കാലം എതിര്‍ത്തിരുന്നു.

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഈ മാസം ആദ്യമാണ് ഒപ്പിട്ടത്. ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ക്ക് സാധനങ്ങള്‍, സേവനങ്ങള്‍, നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്ന തെരഞ്ഞെടുത്ത മേഖലകളിലെ ഫെഡറല്‍ ഗവണ്‍മെന്റ് കരാറുകള്‍ പരസ്പര അടിസ്ഥാനത്തില്‍ ഏറ്റെടുക്കാമെന്ന് കരാറില്‍ പറയുന്നു. അതേ വ്യവസ്ഥകള്‍ യുഎസ് കമ്പനികള്‍ക്കും ലഭിക്കും. എങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. നേരത്തെ ഇന്ത്യയുടെ സംഭരണ നയങ്ങള്‍ യുഎസ് സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായി യുഎസ് വ്യാപാര പ്രതിനിധി അഭിപ്രായപ്പെട്ടിരുന്നു. 

Exit mobile version