ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. പൊതുചടങ്ങുകളും, റാലികളും, കൂടിച്ചേരലുകളും നിരോധിച്ചു. ഇമ്രാൻഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്താണു തീരുമാനം. ഇമ്രാൻഖാനെ ജയിലിൽ കാണാൻ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇമ്രാൻ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും ചില സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തുടർന്ന് പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമാണ് നടന്നത്. പാക് അധികൃതര്‍ ആ വര്‍ത്ത നിഷേധിച്ചിരുന്നു. എന്നാല്‍ ഇമ്രാനെ കാണാൻ അധികൃതര്‍ കുടുംബത്തെ അനുവധിച്ചിരുന്നില്ല. ഇത് ഇമ്രാൻ മരിച്ചതായ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. വിവരമറിഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരാണ് ജയിലിനു മുന്നിലേക്ക് ഒഴുകിയെത്തിയത്. ഒരു മാസത്തിൽ അധികമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.

