Site iconSite icon Janayugom Online

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ധന നികുതിയിനത്തിൽ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് എട്ട് ലക്ഷം കോടി രൂപ

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി പെട്രോളിനും ഡീസലിനും ചുമത്തിയ നികുതിയിൽ നിന്ന് ഏകദേശം എട്ട് ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ സമ്പാദിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച പാർലമെന്റിൽ അറിയിച്ചു. 2020ല്‍ മാത്രം 3.71 ലക്ഷം കോടി രൂപ സമാഹരിച്ചതായി പാർലമെന്റ് ശീതകാല സമ്മേളനത്തില്‍ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ നിര്‍മ്മല സീതാരാമൻ അറിയിച്ചു. പെട്രോളിന്റെ എക്സൈസ് തീരുവ 2018 ഒക്ടോബർ അഞ്ചിന് ലിറ്ററിന് 19.48 രൂപയായിരുന്നു. ഇത് 2021 നവംബറില്‍ 27.90 രൂപയായി വര്‍ധിച്ചു. ഇതേ കാലയളവിൽ ഡീസലിന്റെ തീരുവ ലിറ്ററിന് 15.33 രൂപയിൽ നിന്ന് 21.80 രൂപയായി ഉയർന്നതായും ഇന്ധന വിലയിലെ എക്‌സൈസ് തീരുവ വർധനയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകവെ നിര്‍മ്മല സീതാരാമൻ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

2021 ഫെബ്രുവരി വരെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ 32.98, 31.83 എന്നിങ്ങനെ ഉയര്‍ന്നു. എന്നാല്‍ നവംബറില്‍ ഇത് 27.90 , 21.80 എന്നിങ്ങനെ കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും പിരിച്ചെടുത്ത സെസുകൾ ഉൾപ്പെടെ കേന്ദ്ര എക്സൈസ് തീരുവ 2018–19ൽ 2,10,282 കോടിയും, 2019–20ൽ 2,19,750 കോടിയും 2020–21ൽ 3,71,908 കോടി രൂപയുമാണെന്ന് പാര്‍ലമെന്റില്‍ നിര്‍മ്മല സീതാരാമൻ വ്യക്തമാക്കി.

eng­lish sum­ma­ry; Gov­ern­ment Earned ₹ 8 Lakh Crore From Tax­es On Fuels In Last 3 Years

you may also like this video;

Exit mobile version