Site iconSite icon Janayugom Online

ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാർ ജീവനക്കാർ അണിചേരണം; ജോയിന്റ് കൗൺസിൽ

സമൂഹത്തിൽ അത്യന്തം ഭീതി വിതയ്ക്കുന്ന മാരക വിപത്തായി ലഹരിയുടെ ഉപയോഗം മാറുകയാണ്. മയക്കുമരുന്നിന്റെ അടിമകളായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വർധിക്കുന്നത് അപകടകാരമായ സൂചനയാണ് നൽകുന്നത്. മയക്കുമരുന്നിനെതിരായ ബോധവൽക്കരണത്തിനും മറ്റും സർക്കാർ ജീവനക്കാരും സംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്ന് ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ നടന്ന കാഞ്ഞങ്ങാട് മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറി എസ് സജീവ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷതവഹിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. 

ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, ജില്ലാ സെക്രട്ടറി ബിജുരാജ് സി കെ, സംസ്ഥാന കമ്മിറ്റി അംഗം യമുന രാഘവൻ, ജില്ലാ പ്രസിഡണ്ട് മനോജ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ആമിന, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ശ്രീജി തോമസ്, പ്രീത, ജില്ലാ ട്രഷറർ രാജൻ എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി ഗോകുൽ കെ ജെ പ്രവർത്തന റിപ്പോർട്ടും, മേഖലാ ട്രഷറർ ഷൈജു വരവുചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി വിൻസന്റ് പി എം (പ്രസിഡന്റ്), റോസ്മി റോക്കി (വൈസ് പ്രസിഡന്റ്), സനൂപ് പി (സെക്രട്ടറി), ജിഷാദ് ശങ്കർ( ജോ. സെക്രട്ടറി), സുനിൽകുമാർ പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Exit mobile version