Site iconSite icon Janayugom Online

കശ്മീര്‍ ഫയല്‍സിനെതിരായ ട്വീറ്റില്‍ ഐഎഎസ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ്

കശ്മീര്‍ ഫയല്‍സ് സിനിമയെ എതിര്‍ത്തുകൊണ്ട് ട്വീറ്റ് ചെയ്ത ഐഎഎസ് ഓഫീസര്‍ക്ക് നോട്ടീസയക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍.മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസറും സംസ്ഥാന പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയുമായ നിയാസ് ഖാനാണ് തന്റെ ട്വീറ്റിന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രതികാര നടപടി നേരിടുന്നത്.നോട്ടീസയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് അറിയിച്ചത്.

ഞാന്‍ ഖാന്റെ ട്വീറ്റ് കണ്ടു. ഇത് സീരിയസായ ഒരു പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ലക്ഷ്മണ രേഖ അയാള്‍ മറികടന്നിരിക്കുകയാണ്, ലംഘിച്ചിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കും, വിശദീകരണം തേടും, നരോത്തം മിശ്ര പറഞ്ഞു.കശ്മീര്‍ ഫയല്‍സിന്റെ നിര്‍മാതാക്കള്‍, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി കൊല്ലപ്പെടുന്ന മുസ്‌ലിങ്ങളെക്കുറിച്ചും സിനിമ ചെയ്യണം, എന്നായിരുന്നു നിയാസ് ഖാന്‍ ട്വീറ്റ് ചെയ്തത്.

കശ്മീര്‍ ഫയല്‍സ് ബ്രാഹ്മണരുടെ വേദന കാണിക്കുന്നു. അവരെ എല്ലാ ബഹുമാനത്തോടെയും കശ്മീരില്‍ സുരക്ഷിതമായി ജീവിക്കാന്‍ അനുവദിക്കണം.എന്നാല്‍, പല സംസ്ഥാനങ്ങളിലായി നിരവധി മുസ്‌ലിങ്ങളെ കൊന്നൊടുക്കിയതിനെ പറ്റിയും ഇതിന്റെ നിര്‍മാതാവ് ഒരു സിനിമ ചെയ്യണം.മുസ്‌ലിങ്ങള്‍ കീടങ്ങളല്ല, മനുഷ്യരാണ്, രാജ്യത്തെ പൗരന്മാരാണ്, എന്നായിരുന്നു എഴുത്തുകാരന്‍ കൂടിയായ നിയാസ് ഖാന്റെ ട്വീറ്റ്.

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഖാന്‍ വ്യക്തമാക്കിയിരുന്നു.ട്വീറ്റിന് പിന്നാലെ ഇദ്ദേഹത്തിതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ശ്രമമെന്നുമായിരുന്നു ആരോപണം.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച കശ്മീര്‍ ഫയല്‍സ് പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെത്തുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്.

Eng­lish Sum­ma­ry: Gov­ern­ment issues notice to IAS offi­cer in tweet against Kash­mir files

You may also like this video:

Exit mobile version