Site iconSite icon Janayugom Online

അഡാനിക്ക് സര്‍ക്കാര്‍ ഭൂമി ഏക്കറിന് ഒരു രൂപ പാട്ടത്തിന്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്തതസഹചാരിയും കുത്തക ഭീമനുമായ ഗൗതം അഡാനിയുടെ അഡാനി പവറിന് ബിഹാര്‍ ഭഗല്‍പൂരിലെ പിര്‍പൈന്തിയില്‍ 1,020 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയത് പ്രതിവര്‍ഷം ഏക്കറിന് ഒരു രൂപ നിരക്കില്‍. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പറേഷന് (എന്‍എച്ച്പിസി) അനുവദിച്ച ഭൂമിയാണ് മോഡി സര്‍ക്കാര്‍ അഡാനി ഗ്രൂപ്പിന് കൈമാറിയത്.
2,400 മെഗാവാട്ട് ശേഷിയുള്ള കല്‍ക്കരി വൈദ്യുത നിലയം സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കിയത്. അഡാനിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭ്യമായില്ലെന്ന് കാണിച്ച് കര്‍ഷകര്‍ രംഗത്തെത്തിയതോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ തുച്ഛമായ നിരക്കില്‍ ഭൂമി 25 വര്‍ഷത്തേയ്ക്ക് കൈമാറിയത് പുറത്തായത്.
ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പൂർണിയയിൽ 40,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിൽ 25,000 കോടിയുടെ 2,400 മെഗാവാട്ട് ശേഷിയുള്ള അഡാനിയുടെ കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയവും ഉൾപ്പെടുന്നു. വൈദ്യുതി മേഖലയിൽ ബിഹാറിനെ സ്വയംപര്യാപ്തമാക്കുന്നതിനായിരുന്നു ഇതെന്ന് മോഡി അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി കര്‍ഷകര്‍ കൃഷി ചെയ്യുന്ന ഭൂമി മോഡിയുടെ അടുപ്പക്കാരന് പാട്ടത്തിന് നല്‍കിയത്.
മോഡിയുടെ ബിഹാര്‍ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് സെപ്റ്റംബർ 13നാണ് അഡാനി പവർ ബിഹാർ സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡുമായി (ബിഎസ് പിജിസിഎല്‍) 25 വര്‍ഷത്തെ വൈദ്യുത വിതരണ കരാറില്‍ ഒപ്പുവച്ചത്. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓൺ, ഓപ്പറേറ്റ് ക്രമത്തില്‍ കീഴിൽ 800 മെഗാവാട്ട് ശേഷിയുള്ള മൂന്ന് യൂണിറ്റുകൾ വീതമുള്ള ഒരു ഗ്രീൻഫീൽഡ് അൾട്രാ-സൂപ്പർക്രിട്ടിക്കൽ പവർ പ്ലാന്റ് അഡാനി പവര്‍ സ്ഥാപിക്കും. പദ്ധതിക്കായി ജൂണില്‍ നടന്ന ടെന്‍ഡറില്‍ ജെഎസ്ഡബ്ല്യു എനര്‍ജി, ടോറന്റ് പവർ, ബജാജ് ഗ്രൂപ്പിന്റെ ലളിത് പവർ എന്നിവര്‍ പങ്കെടുത്തിരുന്നുവെങ്കിലും നറുക്ക് വീണത് അഡാനിക്കായിരുന്നു.
12 വര്‍ഷം മുമ്പാണ് വൈദ്യുത നിലയം സ്ഥാപിക്കാനായി ഭഗല്‍പൂരിലെ പിര്‍പൈന്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുത്തത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പൂര്‍ണമായി നല്‍കാതെയാണ് അന്ന് ഭൂമിയേറ്റെടുത്തത്. ഏറ്റെടുത്തപ്പോൾ സംസ്ഥാന സർക്കാർ തങ്ങളുടെ ഭൂമി തരിശു നിലമായി പട്ടികപ്പെടുത്തിയതായി ഗ്രാമവാസികൾ പറഞ്ഞു. വര്‍ഷങ്ങളായി മാമ്പഴം, ലിച്ചി തുടങ്ങിയ ഫലവൃക്ഷങ്ങൾ കൃഷി ചെയ്തിരുന്ന ഭൂമിയാണ് തരിശു ഭൂമിയെന്ന പേരില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തെതെന്നും കര്‍ഷകര്‍ ആരോപിച്ചു.
എന്‍എച്ച്പിസിക്ക് അനുവദിച്ച ഭൂമി അഡാനി കമ്പനിക്ക് പാട്ടത്തിന് നല്‍കിയതിലും കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കത്തതിലും പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദള്‍ പ്രതിഷേധം രേഖപ്പെടുത്തി. നരേന്ദ്ര മോഡിയുടെ അടുപ്പക്കാരന് നിയമവിരുദ്ധമായി ഭൂമി പാട്ടത്തിന് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു.

Exit mobile version