Site iconSite icon Janayugom Online

ലക്ഷദ്വീപില്‍ സ്കൂള്‍ യൂണിഫോം മാറ്റാന്‍ ഭരണകൂട നീക്കം

ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോം പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം. സ്കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്തുന്നതായി കാണിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നോട്ടീസില്‍ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പ്രതിഷേധം തുടരുകയാണ്.

ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും കൊണ്ടുവരാനാണ്​ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ഇതിനൊപ്പം അര​ക്കൈ ഷർട്ടുമാണ് കുട്ടികൾ ധരിക്കേണ്ടത്. ഇതിന് ക്വട്ടേഷൻ ക്ഷണിച്ചുള്ള നോട്ടീസ് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് സിംഗാൾ പുറത്തിറക്കി.
പെൺകുട്ടികൾക്ക് ചുരിദാറും ആൺകുട്ടികൾക്ക് പാന്റ്​സും ഷർട്ടുമാണ് നിലവിലെ യൂണിഫോം.

പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ്​ വരെയുള്ള ആൺകുട്ടികൾക്ക് സ്റ്റിച്ച്ഡ് ട്രൗസറും (ഹാഫ് പാന്റ്) അരക്കൈ ഷർട്ടുമാണ് നോട്ടീസിൽ പറയുന്നത്. ആറുമുതൽ പ്ലസ് ടു വരെയുള്ള ആൺകുട്ടികൾക്ക്​ പാന്റ്​സും അരക്കൈ ഷർട്ടും വേഷം. പെൺകുട്ടികൾക്ക് പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ് വരെ ഹാഫ് പാവാടയും അരക്കൈ ഷർട്ടുമാണ് യൂണിഫോം. ആറുമുതൽ പ്ലസ് ടു വരെയുള്ള പെൺകുട്ടികൾക്ക് ഡിവൈഡർ സ്‌കേർട്ടാണ്​ (ട്രൗസർ പോലെയുള്ള പാവാട) നിർദേശിച്ചിട്ടുള്ളത്.

പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിന്റെ ഭരണചുമതല ഏറ്റെടുത്തശേഷം കൊണ്ടുവരുന്ന ഏറ്റവും പുതിയ പരിഷ്കാരമാണിത്. ലക്ഷദ്വീപ് നിവാസികളുടെ എതിര്‍പ്പിനെ മറികടന്ന് ഗുണ്ടാ നിയമം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രണ്ട് കുട്ടി നയം, ബീഫ് വിലക്ക് തുടങ്ങി നിരവധി പരിഷ്കാരങ്ങള്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയിരുന്നു.

Eng­lish summary;Government moves to change school uni­forms in Lakshadweep

You may also like this video;

Exit mobile version