Site icon Janayugom Online

സര്‍ക്കാര്‍ ഭരണം പുനസ്ഥാപിക്കണം; സുഡാനില്‍ ജനലക്ഷങ്ങള്‍ തെരുവില്‍

ജനകീയ സര്‍ക്കാരിനെ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സു‍ഡാനില്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ അനുകൂല സംഘടനകള്‍, ജനകീയ നേതാക്കള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പട്ടാള അട്ടിമറിക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്.
ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലും സമീപപ്രദേശങ്ങളിലും സൈ­ന്യം കര്‍ശന പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇരട്ടനഗരമായ ഓംഡുര്‍മാനിലേക്കുള്ള പാലവും അടച്ചിരിക്കുകയാണ്. 

സമാധാനപരമായി നടക്കുന്ന പ്രതിഷേധ റാലികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സുഡാന്‍ ജനത നടത്തുന്ന അക്രമരഹിതമായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരുമെന്നും ബ്ലിങ്കണ്‍ ട്വീറ്റ് ചെയ്തു. പട്ടാള അട്ടിമറി നടന്ന് ആറാമത്തെ ദിവസമാണ് ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. 

പ്രതിഷേധം ശക്തമായാല്‍ ജനാധിപത്യ സര്‍ക്കാരിന് ഭരണം തിരിച്ചു നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബര്‍ഹാനാണ് നിലവില്‍ രാജ്യം ഭരിക്കുന്ന സൈനിക തലവന്‍. എന്നാല്‍ സൈനീകമേധാവിമാരെ കൂടാതെ രാജ്യം ഭരിക്കാന്‍ കഴിവുള്ള മറ്റൊരാളെ പ്രധാനമന്ത്രിയായി നിയമിക്കാമെന്ന് ബര്‍ഹാന്‍ പ്രഖ്യാപിച്ചിരുന്നു. സുഡാനില്‍ നടന്നത് പട്ടാള അട്ടിമറിയല്ലെന്നും ഭരണകൈമാറ്റമാണെന്നുമാണ് ബുര്‍ഹാന്റെ വാദം.
പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിനെ പുറത്താക്കിയെങ്കിലും അദ്ദേഹത്തിന്റെ കാബിനറ്റിനെ തുടരാന്‍ അനുവദിച്ചേക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അമേരിക്ക, ലോകബാങ്ക് തുടങ്ങിയവയെല്ലാം സുഡാനുള്ള ധനസഹായം നിര്‍ത്തലാക്കിയിരുന്നു.

ജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പട്ടാളം നടത്തുന്നുണ്ട്. പരിശോധന കര്‍ശനമാക്കിയതിന് പുറമേ ഇന്റര്‍നെറ്റ്, മൊബൈ­ല്‍ സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ചില പ്രധാന വിദേശരാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധ സമരങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്. സുഡാനീസ് സര്‍ക്കാരിനെ അനുകൂലിച്ച് നടത്തിയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് പത്തുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബുര്‍ഹാനില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ENGLISH SUMMARY:Government must restore gov­er­nance; Mil­lions on the streets in Sudan
You may also like this video

Exit mobile version