കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം, ഖാദി മേള‑2023 ജില്ലാതല ഉദ്ഘാടനം ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ‘ഖാദി പഴയ ഖാദിയല്ല’ എന്ന മുദ്രാവാക്യം ഖാദിയിലെ മാറ്റത്തെ സൂചിപ്പിക്കുന്നതാണ്. വ്യവസായ വകുപ്പും ഖാദി ബോർഡും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ഖാദി മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്കും ഉണർവിനും കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എച്ച് സലാം എം എൽ എ അധ്യക്ഷനായി. മേളയുടെ ആദ്യ വില്പന ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മത്സ്യഫെഡ് മാനേജർ അനിത കുമാരിക്ക് ഉത്പന്നം കൈമാറിക്കൊണ്ട് നിർവഹിച്ചു. ആദ്യ കൂപ്പൺ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മയിൽ നിന്ന് അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ ചന്ദ്രൻ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ ബി അജേഷ്, ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് ശിവകുമാർ, ഖാദി പ്രോജക്ട് ഓഫീസർ പി എം ലൈല, വി മുരളീധരൻ, ബി സന്തോഷ്, സുനിൽ സേവ്യർ തുടങ്ങിയവർ പങ്കെടുത്തു. ഓണത്തിന് ഒരു കുടുംബത്തിൽ ഒരു ജോഡി ഖാദി വസ്ത്രം എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 28 വരെയുള്ള മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവൺമെന്റ് റിബേറ്റ് ലഭിക്കും.
English Summary: Government policy to protect traditional industries: Minister Saji Cherian