സെബി ചെയർപേഴ്‌സൺ മാധബിപുരി ബുച്ചിനെ പാര്‍ലമെന്ററി അക്കൗണ്ട്സ് കമ്മിറ്റിക്ക് (പിഎസി) മുന്നിൽ ഹാജരാകാത്തതിനെക്കുറിച്ചുള്ള വിമർശനത്തിൽ നിന്ന് രക്ഷിക്കാൻ പിഎസിയിലെ ബിജെപി അംഗങ്ങൾ കാണിച്ച ആവേശം കാണിക്കുന്നത്, മാധബി ഒഴിവായത് വ്യക്തിപരമായ സത്യസന്ധതയില്ലായ്മകൊണ്ടു മാത്രമല്ല, പ്രിയപ്പെട്ട കോർപറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ മാർക്കറ്റ് റെഗുലേറ്ററി മെക്കാനിസം ദുരുപയോഗിക്കാന്‍ ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ പ്രതിഫലനം കൂടിയാണ്. വ്യാഴാഴ്ച നടന്ന പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിൽ നിന്നാണ് മാധബിപുരി ബുച്ച് ഒഴിവായത്. തുടര്‍ന്ന് പാനൽ ചെയർമാൻ കെ സി വേണുഗോപാലിന്റെ തീരുമാനത്തെ ഏകപക്ഷീയമെന്ന് ആരോപിച്ച് എൻഡിഎ അംഗങ്ങൾ ലോക്‌സഭാ സ്പീക്കറെ പ്രതിഷേധം അറിയിച്ചു.
അഡാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിസർച്ച് ആരോപണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനാണ് പിഎസി, ബുച്ചിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ അവരുടെ അഭാവവും ബിജെപിയുടെ ശക്തമായ പ്രതിരോധവും സമിതിയുടെ നടപടികൾ വൈകിപ്പിക്കാനോ ലഘൂകരിക്കാനോ ഉള്ള ശ്രമമാണ് വെളിപ്പെടുത്തുന്നത്. സ്റ്റോക്ക് വിലയിലെ കൃത്രിമം, ഓഫ്‌ഷോർ സ്ഥാപനങ്ങളിൽ സുതാര്യതയില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള അഡാനിക്കെതിരായ ആരോപണങ്ങൾ സെബിയുടെ സ്വയംഭരണത്തിനുമേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഇവിടെ ഉയരുന്ന ചോദ്യം: ‘വിപണിയിലെ നീതി സംരക്ഷിക്കുന്നതിനു പകരം കോർപറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതില്‍ ഇന്ത്യയുടെ സമുന്നത റെഗുലേറ്ററി സമിതി പങ്കാളിയാണോ?’ എന്നാണ്.
ബുച്ചിന്റെ നേതൃത്വത്തിൽ, അഡാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് ചെയ്തിട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കുന്നതിൽ സെബി സ്ഥിരമായി വിമുഖത പ്രകടിപ്പിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ വ്യാപകമായ ആരോപണങ്ങളും തെളിവുകളും അവതരിപ്പിച്ചിട്ടും, അവ അന്വേഷിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചില്ല. ഇത് ഭരണകക്ഷിയുടെ ശക്തരായ ബിസിനസ് സഖ്യകക്ഷികൾക്ക് അനുകൂലമാണെന്നത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമാക്കി. സെബിയുടെ ഭദ്രത കാത്തുസൂക്ഷിക്കുന്നതിനായി ബുച്ചിന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് ചോദ്യം ചെയ്തു. ഐസിഐസിഐ ബാങ്ക് പോലുള്ള മുൻനിര കോർപറേറ്റ് കമ്പനികളുമായുള്ള മുൻ ബന്ധങ്ങളും സ്വകാര്യ ഇക്വിറ്റിയിലെ അവരുടെ പങ്കും കോർപറേറ്റ് നിയന്ത്രണത്തിനുള്ള സെബിയുടെ പക്ഷപാതരഹിതമായ നടപടികളെ തുരങ്കംവയ്ക്കുമെന്ന് പാർട്ടി ആരോപിച്ചു.
യോഗത്തിൽ ബുച്ചിന്റെ അസാന്നിധ്യം അസ്വാഭാവികമല്ലെന്ന് പിഎസിയിലെ എൻഡിഎ അംഗങ്ങൾ വാദിച്ചു. നടപടിക്രമങ്ങളിലെ സാങ്കേതികതകൾ മൂലമാണ് അവര്‍ ഹാജരാകാത്തതെന്നും ചൂണ്ടിക്കാട്ടി. സെബിയുടെ ഇടപാടുകള്‍ സംരക്ഷിക്കാനും മാധബി ബുച്ചിനെ പ്രതിരോധിക്കാനുമുള്ള ഈ അംഗങ്ങളുടെ നിലപാട്, സ്വാധീനമുള്ള കോർപറേറ്റുകൾക്ക് പ്രയോജനകരമായ കവചം തീര്‍ക്കുന്നതിനുള്ള ഒരു മാതൃകയായാണ് രൂപപ്പെട്ടത്. മറുവശത്ത്, പിഎസി ചെയർമാൻ വേണുഗോപാൽ, മാധബി സമിതിയെ അനുസരിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി. റെഗുലേറ്ററി തലവന്മാർ പാർലമെന്ററി പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് പൊതുജനങ്ങളുടെ അതൃപ്തിക്കും സ്ഥാപനങ്ങളുടെ സുതാര്യത നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി.
അഡാനി കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച ഹിൻഡൻബർഗ് റിപ്പോർട്ട്, സെബിയുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതാണ്. റെഗുലേറ്ററി അതോറിട്ടിയുടെ നിഷ്പക്ഷതയില്‍ സംശയം ഉന്നയിക്കുകയും അഡാനിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ ഇടപാടുകളെ മാധബിയുടെ ഭരണസാരഥ്യം നിസാരവല്‍ക്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. മാധബിയുടെ സ്ഥാനവും ഉത്തരവാദിത്തങ്ങളും കണക്കിലെടുക്കുമ്പോള്‍, പിഎസി മുമ്പാകെ ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ അവർ പരാജയപ്പെട്ടത്, പൊതുതാല്പര്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനെക്കാൾ രാഷ്ട്രീയ ബന്ധങ്ങൾ സംരക്ഷിക്കുന്നതിലാണ് ശുഷ്കാന്തി കാണിക്കുന്നത് എന്ന ധാരണ ശക്തിപ്പെടുത്തുന്നു.
ബുച്ചിന്റെ നിഷ്ക്രിയത്വത്തെച്ചൊല്ലിയുള്ള വിവാദം, അവരുടെ സ്ഥാനം പാർലമെന്ററി മേൽനോട്ടത്തിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപിയുടെ നിർബന്ധത്തോടെ കൂടുതല്‍ വലുതായിരിക്കുന്നു. തന്റെ വിശ്വസ്തത റെഗുലേറ്ററുടെ ദൗത്യത്തിലാണോ അതോ സ്വാധീനമുള്ള രാഷ്ട്രീയകക്ഷിക്കൊപ്പമാണോ എന്ന് ചോദ്യം ചെയ്യാൻ പൊതുജനങ്ങളെ ഇത് അനുവദിക്കുകയും ചെയ്യുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ഭൂപ്രകൃതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാൽ, മാധബി ബുച്ചിന്റെ നേതൃത്വത്തിലുള്ള സെബിയിൽ നിന്നുള്ള പ്രതികരണം അത്യാവശ്യമാണ്. മറ്റ് ആഗോള റെഗുലേറ്ററി സമിതികൾ ഇത്തരം ഗുരുതരമായ ആരോപണങ്ങളോട് ഉടനടി പ്രതികരിക്കാനാണ് സാധ്യത. എന്നാല്‍ സെബിയുടെ സമീപനം വളരെ ജാഗ്രതയോടെയാണ്. ഏതാണ്ട് ആരോപണങ്ങള്‍ തള്ളിക്കളയുന്നതിനോട് സമാനം. പിഎസിയുമായി കൂടിക്കാഴ്ച നടത്താനുള്ള മാധബിയുടെ വിസമ്മതത്തെ ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിലെ വിമുഖതയാണ് വെളിവാകുന്നത്. പ്രത്യേകിച്ച്, സർക്കാരുമായി അടുത്തബന്ധമുള്ള കോർപറേറ്റ് ഭീമന്മാരെ സംബന്ധിച്ചുള്ളത്.
വിഷയം നിരീക്ഷിക്കുന്നവർക്ക്, പൊതുജനങ്ങളോടുള്ള കടമയെക്കാൾ രാഷ്ട്രീയ വിധേയത്വത്തിനാണ് സെബി മുൻഗണന നൽകുന്നത് എന്ന ധാരണയാണുളവാകുന്നത്. അത്തരം ധാരണകൾ കൂടുതൽ ശക്തമാക്കുന്നത് രാജിക്കെതിരെയുള്ള അവരുടെ ചെറുത്തുനില്പാണ്. സാധാരണഗതിയിൽ, നിയന്ത്രണ പരാജയത്തെക്കുറിച്ചുള്ള പരസ്യമായ ആരോപണങ്ങളുണ്ടാകുന്ന കേസുകളിൽ, നിഷ്പക്ഷമായ അന്വേഷണം സുഗമമാക്കുന്നതിന് സ്ഥാപന മേധാവികൾ സ്ഥാനമൊഴിയുമെന്നാണ് പ്രതീക്ഷിക്കുക. എന്നാല്‍ ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ തുടരാനുള്ള ബുച്ചിന്റെ നീക്കം കോർപറേറ്റുകളെ സംരക്ഷിക്കുന്ന സെബിയും രാഷ്ട്രീയ ദല്ലാളന്മാരും തമ്മിലുള്ള രഹസ്യ ഉടമ്പടിയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാക്കുന്നു.
അന്വേഷണത്തിന് അർഹതയുള്ള സാമ്പത്തിക ബന്ധങ്ങൾ ബുച്ചിന് തന്നെയുണ്ടെന്ന ആരോപണങ്ങളും പിഎസിയുടെ ആശങ്കകൾ വർധിപ്പിക്കുന്നു. പക്ഷപാതമില്ലാതെ ഇടപെടാനുള്ള അവരുടെ കഴിവിനെ ദുർബലപ്പെടുത്തുന്ന താല്പര്യ വൈരുധ്യങ്ങളെ ഇത്തരം ബന്ധങ്ങൾ വെളിപ്പെടുത്തുന്നു. ഈ വിവാദം സെബിയുടെ വിശാലമായ ഉത്തരവാദിത്ത ഘടനയിലേക്കും ശ്രദ്ധയാകർഷിക്കുന്നു. കാരണം അതിന്റെ സ്വാതന്ത്ര്യം ശക്തമായ ആന്തരിക പരിശോധനകളിലും സ്ഥാപനപരമായ ഉത്തരവുകൾ പാലിക്കുന്നതിലും ആശ്രയിച്ചിരിക്കുന്നു. പിഎസിയെ വെല്ലുവിളിക്കുന്നതിലൂടെ, നിർണായക മേൽനോട്ട സംവിധാനങ്ങളെ മറികടക്കാൻ റെഗുലേറ്ററി തലവന്മാർക്ക് കഴിയുന്ന ഒരു മാതൃക സൃഷ്ടിക്കാനുള്ള അപകടസാധ്യതയാണ് ബിജെപി ഒരുക്കുന്നത്. ഇത് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർമാരിലുള്ള പൊതുവിശ്വാസം കുറയ്ക്കും.
റെഗുലേറ്ററി സമിതികളുടെ മേൽനോട്ടം വഹിക്കുന്നതിൽ പാർലമെന്റിന്റെ പങ്ക് ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്, പ്രത്യേകിച്ചും കോർപറേറ്റുകളും സർക്കാരും തമ്മിലുള്ള ഒത്തുകളി ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ. എന്നാല്‍ രാഷ്ട്രീയ എതിർപ്പ് കാരണം പിഎസി അംഗങ്ങൾക്ക് അത്യാവശ്യമായ സാക്ഷ്യപത്രങ്ങള്‍ സ്വീകരിക്കുന്നതിന് തടസമുണ്ടായാൽ, ജനാധിപത്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്ത സംവിധാനമെന്ന നിലയിലുള്ള പിഎസിയുടെ പങ്ക് തീര്‍ത്തും ദുർബലമാകും.