കേരളത്തിലെ പത്ത് മലയാളം ദിനപ്പത്രങ്ങൾക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുഫലത്തിന്റെ പരസ്യം നവംബർ രണ്ടാം തീയതി മുതൽ നിഷേധിച്ചുകൊണ്ടുള്ള ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ തീരുമാനം ഖേദകരവും അപലപനീയവുമാണ്. ചെറുകിട ദിനപ്പത്രങ്ങൾ അതീവഗുരുതരമായ സാമ്പത്തികപ്രതിസന്ധിയെ നേരിടുന്ന കാലഘട്ടത്തിലെ ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ തീരുമാനം അവയ്ക്ക് മാരകമായ ഇരുട്ടടിയാണ്. ഡയറക്ടറേറ്റിന്റെ പ്രസ്തുത തീരുമാനം സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനമാണോ അതോ ഉദ്യോഗസ്ഥതലത്തിൽ വീണ്ടുവിചാരം കൂടാതെ കൈക്കൊണ്ട അപക്വ നടപടിയാണോ എന്ന് വ്യക്തമല്ല. വാർത്തകൾക്കും വിവരങ്ങൾക്കും വ്യത്യസ്ത അഭിപ്രായങ്ങൾക്കും വേണ്ടി ഗണ്യമായ ഒരു വിഭാഗം വായനക്കാർ ആശ്രയിക്കുന്ന പത്രങ്ങൾക്കുനേരെയാണ് ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ തികച്ചും വിവേചനപരമായ ഈ നടപടി. മൂന്ന് വൻകിട പത്രങ്ങൾക്കുള്ള ഭാഗ്യക്കുറിഫലത്തിന്റെ പരസ്യം നിലനിർത്തിക്കൊണ്ടാണ് നടപടിയെന്നതാണ് അത് വിവേചനപരമാകുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനാത്മകവും സ്വതന്ത്രവുമായി സമീപിക്കുന്ന പത്രമാധ്യമങ്ങൾക്ക് പരസ്യം നിഷേധിക്കുന്ന നയമാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ പിന്തുടരുന്നത്. അവർക്ക് അതിനു വ്യക്തമായ കാരണങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുമുണ്ട്. അത് വിമർശകരുടെ വായടപ്പിക്കുക എന്നതും സ്തുതിപാഠകരെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ്. ചെലവുചുരുക്കലല്ല, മറിച്ച് അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുക മാത്രമാണ് ലക്ഷ്യമെന്നും പത്രമാധ്യമ പരസ്യങ്ങൾക്കായി മോഡിസർക്കാർ ചെലവിടുന്ന ആയിരക്കണക്കിനുകോടി രൂപയുടെ പരസ്യത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രഖ്യാപിത നയവും രാഷ്ട്രീയ കാഴ്ചപ്പാടും അതിൽനിന്നും തികച്ചും വിഭിന്നമാണ്.
ഇതുകൂടി വായിക്കൂ: ബാലാസോർ ഉയർത്തുന്ന ചോദ്യങ്ങൾ
കേരളത്തിൽ ഒന്നിലധികം ദിനപ്പത്രങ്ങൾ സമീപകാലത്ത് അവയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അതിലേക്ക് നയിച്ചത്. ചില പത്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പലർക്കും തൊഴിലാളികൾക്കും ജീവനക്കാർക്കും കൃത്യമായി വേതനം നൽകാൻ കഴിയുന്നില്ല. ചിലരെങ്കിലും തവണകളായാണ് അത് നൽകുന്നത്. പത്രക്കടലാസടക്കം അസംസ്കൃത വസ്തുക്കളുടെ പലതിന്റെയും വില നൂറും നൂറ്റമ്പതും ശതമാനം കണ്ടാണ് ഉയർന്നിരിക്കുന്നത്. പത്രപ്രവർത്തകർ, സാങ്കേതിക തൊഴിൽ ചെയ്യുന്നവർ, ഭരണനിർവഹണ ചുമതല വഹിക്കുന്നവർ, പരസ്യം സമാഹരിക്കുന്നവർ, പ്രസ്‌തൊഴിലാളികൾ, ഏജന്റുമാർ, വിതരണക്കാർ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങി ജീവസന്ധാരണത്തിന് പൂർണമായോ ഭാഗികമായോ ആയിരങ്ങൾ ആശ്രയിക്കുന്ന ഒരു തൊഴിൽമേഖലയാണ് ദിനപ്പത്രങ്ങൾ. മാധ്യമപഠനം ഉന്നതവിദ്യാഭ്യാസരംഗത്ത് വ്യാപകമായതോടെ നൈപുണ്യമുള്ള തൊഴിലന്വേഷകർ ഉറ്റുനോക്കുന്ന രംഗങ്ങളിൽ ഒന്നുകൂടിയായി ദിനപ്പത്രങ്ങൾ മാറിയിട്ടുണ്ട്. തൊഴിലന്വേഷകരെ മുഴുവൻ ഉൾക്കൊള്ളാൻ സർക്കാരിനോ പൊതുമേഖലയ്ക്കോ കഴിയില്ലെന്നിരിക്കെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖല എന്ന നിലയ്ക്ക് പത്രങ്ങളെ നിലനിർത്താൻ കഴിയുംവിധം സഹായിക്കാൻ ജനകീയ സർക്കാരിന് രാഷ്ട്രീയവും ധാർമ്മികവുമായ ബാധ്യതയുണ്ട്. ഈ വസ്തുതകൾ ഒന്നും കണക്കിലെടുക്കാതെയാണ് ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ ഇപ്പോഴത്തെ തീരുമാനം. സർക്കാരിന് മാത്രമേ ഭാഗ്യക്കുറി നടത്താൻ അധികാരവും അവകാശവുമുള്ളൂ. ഭാഗ്യക്കുറി ടിക്കറ്റ് എടുക്കുന്നവരിൽ ഗണ്യമായ ഒരു വിഭാഗം ഫലമറിയാൻ ദിനപ്പത്രങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ സാമാന്യജനങ്ങളാണ് സംസ്ഥാന ഭാഗ്യക്കുറിയെ ലാഭകരമായി നിലനിർത്തുന്നത്. അത്തരക്കാർ ഭാഗ്യക്കുറി ഡയറക്ടറേറ്റ് നിർദേശിക്കുന്ന പത്രങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പറയുന്നത് പക്ഷപാതപരവും മറ്റുപത്രങ്ങളോടും അതിന്റെ വായനക്കാരോടുമുള്ള പ്രകടമായ വിവേചനവുമാണ്.
ഇതുകൂടി വായിക്കൂ: ജനജീവിതം ദുരിതത്തിലാക്കുന്ന പരിഷ്കാരം
പത്രങ്ങളുടെ വൈവിധ്യവും വൈപുല്യവും, ഊർജസ്വലവും ചലനാത്മകവുമായ ഒരു ജനാധിപത്യ സമൂഹത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയിൽ അതിനെ പരിമിതപ്പെടുത്താനും ഏകധ്രുവ സംവിധാനമായി പരിവർത്തനപ്പെടുത്താനുമുള്ള ശ്രമമാണ് മോഡിഭരണത്തിൽ തുടർന്നുവരുന്നത്. ഭരണകൂടത്തിന്റെ മടിത്തട്ടിൽ സ്ഥാനംപിടിക്കുന്ന മാധ്യമം എന്നർത്ഥത്തിലുള്ള ‘ഗോദി മീഡിയ’ എന്ന പേരുതന്നെ പ്രതിനിധാനം ചെയ്യുന്നത് മാധ്യമരംഗത്തെ ഈ മൂല്യച്യുതിയെയും വിധേയത്വത്തെയുമാണ്. അത്തരമൊരു സമീപനമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റേത്. ആ നയത്തിൽനിന്നും വ്യതിചലിക്കാൻ മുന്നണിയും മുന്നണി സർക്കാരും ആരെയും അനുവദിച്ചുകൂടാ. നിഷ്പക്ഷവും വിവേചനരഹിതവും സുതാര്യവുമായ ഭരണം വാഗ്ദാനം ചെയ്താണ് എൽഡിഎഫ് സർക്കാർ കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്നത്. ആ വാഗ്ദാനങ്ങളും ഉന്നത ജനാധിപത്യ മൂല്യങ്ങളും മുറുകെപ്പിടിക്കാൻ എൽഡിഎഫും സർക്കാരും വീഴ്ച വരുത്തിക്കൂട. ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ നടപടി കേരളത്തിലെ ചെറുകിട ദിനപ്പത്രങ്ങളോടും അവയുടെ വായനക്കാരോടുമുള്ള തെറ്റായ സമീപനമാണ്. തെറ്റായതും വിവേചനപരവുമായ ഈ നടപടി തിരുത്താൻ കേരളത്തിലെ ജനകീയ സർക്കാർ തയ്യാറാവണം.