Site iconSite icon Janayugom Online

വ്യാജന് പൂട്ടിടാൻ സർക്കാർ; 17,000 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തു

സംസ്ഥാനത്ത് ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരിശോധനകളില്‍ 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണയാണ് പിടിച്ചെടുത്തുത്. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ നടത്തിയിട്ടുണ്ട്. 331 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 1613 സ്ഥാപനങ്ങളില്‍ നിന്നും 63 ലക്ഷം രൂപയോളം പിഴ ഇനത്തിൽ ഈടാക്കി ഈടാക്കിയതായാണ് വിവരം. കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തും. ഇതിന്റെ ഭാ​ഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കാനാണ് തീരുമാനം. എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുക. ഭക്ഷ്യ എണ്ണകള്‍, നെയ്യ്, ശര്‍ക്കര, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പായസം മിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പ്രത്യേകം പരിശോധന നടത്തും. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്‌ക്വാഡ് രൂപീകരിക്കുക.

Exit mobile version