പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കാനാണ് തീരുമാനം.
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നല്‍കേണ്ട പെര്‍മിറ്റുകള്‍, ലൈസന്‍സുകള്‍, എന്‍ഒസികള്‍ തുടങ്ങിയവയ്ക്ക് വിവിധ കാരണങ്ങളാല്‍ കാലതാമസവും തടസവും ഉണ്ടാകുന്നുവെന്ന പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട ഇത്തരം തടസങ്ങളും പ്രശ്നങ്ങളും, ചീഫ് സെക്രട്ടറി തലവനായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യുകയും സാധ്യമായ വഴികളിലൂടെ പ്രശ്നം പരിഹരിച്ച് അനുമതികള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് മുഖാന്തിരമുള്ള തീരുമാനങ്ങള്‍ക്കെതിരായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള നടപടി അനുചിതമാണെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് തീരുമാനങ്ങള്‍ക്കെതിരായി കേസുകള്‍ ഫയല്‍ ചെയ്യാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
English Summary: Government to take action against development haters
You may also like this video